കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലേക്ക് കയറിയിരിക്കുകയാണ്. ഇനി പൊതുജനങ്ങൾക്ക് അധികം താമസിയാതെ മെട്രോ ഉപയോഗിച്ച് തുടങ്ങാം. മെട്രോ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിക്കഴിയും അധികം വൈകാതെ. അപ്പോൾ പിന്നെ വേഗത്തിൽ സ്മാർട് കാർഡ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും.

സ്ഥിരമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് സ്മാർട്ട് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാവുന്ന ഈ കാർഡ് ഷോപ്പിംഗിന് പോലും ഉപയോഗിക്കാനാവും. ഭാവിയിൽ കൊച്ചിയിലെ ഗതാഗത സംവിധാനമാകെ ഈ ഒരൊറ്റ സ്മാർട്ട് കാർഡിലേക്ക് ചുരുങ്ങും.

ബസിലും ഓട്ടോയിലും ടാക്സി കാറുകളിളും ബോട്ടുകളിലും മെട്രോയിലും ഒരേ പോലെ ഉപയോഗിക്കാവുന്ന മൾട്ടി യൂസബിൾ സ്മാർട്ട് കാർഡാണ് മെട്രോ അധികൃതർ ഉദ്ദേശിച്ചിരിക്കുന്നത്.

150 രൂപ നേടി ഈ സ്മാര്‍ട്ട് കാര്‍ഡ് ആര്‍ക്കും ലഭിക്കുമെന്നതാണ് ആദ്യത്തെ കാര്യം. യാത്രക്കാരന്റെ പേരും ഫോണ്‍നമ്പറും നല്‍കിയാൽ മെട്രോ സ്റ്റേഷനുകളിലെ പ്രത്യേക റജിസ്റ്റ്രേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ‘കൊച്ചി വണ്‍ കാര്‍ഡ്’ ലഭിക്കും. റീചാര്‍ജ് ചെയ്ത് ഈ കാർഡ് ഉപയോഗിക്കാനാവും.

മെട്രോ സ്റ്റേഷനുകളിലെ റീചാര്‍ജ് കാര്‍ഡ് ടെര്‍മിനല്‍ മെഷീനുകളില്‍ നിന്നോ ആക്സിസ് ബാങ്കിന്റെ ശാഖകളില്‍ നിന്നോ കാർഡ് റീചാർജ് ചെയ്യാം.

കാർഡുള്ളവർക്ക് മെട്രോ ടിക്കറ്റിലും ഇളവ് ലഭിക്കും. ഓരോ തവണ സ്വൈപ് ചെയ്യുമ്പോഴും അക്കൗണ്ടിൽ നിന്ന് യഥാർത്ഥ നിരക്കിനേക്കാൾ കുറവ് തുക മാത്രമേ ഈടാക്കൂ. ഇവർക്ക് ആലുവ മുതൽ പാലാരിവട്ടം വരെ യാത്ര ചെയ്യാൻ 32 രൂപ മാത്രമേ ഈടാക്കൂ. സാധാരണ ടിക്കറ്റിൽ ഇത് 40 രൂപയാണ്.

ഇതിന് പുറമേ ആർഎഫ്ഐഡി കാർഡ് സംവിധാനമുണ്ട്. ഇത് ഒരു ദിവസം നിരവധി തവണ മെട്രോയിലൂടെ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. ഈ കാർഡും ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

സാധാരണ ഒറ്റത്തവണ യാത്രയ്ക്ക് ക്യുആർ കോഡുള്ള ടിക്കറ്റുകളാണ് ഉപയോഗിക്കേണ്ടത്. ഇത് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറിൽ പണമടച്ചാൽ ലഭിക്കും. പ്ലാറ്റ് ഫോമുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ ഓട്ടോ ഫെയർ കളക്ഷൻ മെഷീനിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. എന്നാലേ പ്ലാറ്റ്‌ഫോമിന് അകത്തേക്ക് പ്രവേശിക്കാനാവൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ