/indian-express-malayalam/media/media_files/uploads/2019/10/Mullappalli-and-Soumni.jpg)
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഇന്ന് രാജി പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സൗമിനി ജെയിനെ തിരുവനന്തപുരത്തേക്ക് വിളിച്ചിട്ടുണ്ട്. പാര്‍ട്ടി നേരിട്ടു ഇടപെട്ട് സൗമിനിയെ മാറ്റിയേക്കുമെന്നാണ് സൂചന. രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടാല്‍ സൗമിനിക്ക് മേയര്‍ സ്ഥാനം ഒഴിയേണ്ടിവരും. കെപിസിസി അധ്യക്ഷന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ സൗമിനി ജെയിന്‍ തിരുവനന്തപുരത്ത് എത്തും.
കെപിസിസി അധ്യക്ഷന്‍ സൗമിനി ജെയിനെ വിളിപ്പിച്ചിരിക്കുന്നത് രാജിക്കാര്യം അറിയിക്കാനാണ് എന്നാണ് സൂചന. സൗമിനിക്കെതിരെയുള്ള നേതാക്കളും കൗണ്‍സിലര്‍മാരും രാജിക്കായി മുറവിളി തുടരുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ കെപിസിസിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകില്ലെന്ന് മേയര്‍ അനുകൂലികളും വിശ്വസിക്കുന്നു.
Read Also: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലിന്; പുനരന്വേഷണം ആവശ്യപ്പെടും, പ്രോസിക്യൂട്ടറെ മാറ്റും
സൗമിനി ജെയിനെ മാറ്റിയാൽ തങ്ങളും രാജിവയ്ക്കുമെന്ന് രണ്ട് കൗണ്‍സിലർമാർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം മേയറുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുന്നത് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഗുണം ചെയ്യില്ലെന്ന് രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എട്ട് മാസത്തേക്ക് വേണ്ടി മേയറെ മാറ്റുന്നതിനോട് ഇവര്‍ക്കു വിയോജിപ്പുണ്ട്. മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യുഡിഎഫ് അംഗം റോസ് മേരിയും വ്യക്തമാക്കി.
കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ നിശിതവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ മേയറെ മാറ്റാൻ ഡിസിസിയിൽ തീരുമാനമെടുത്തിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്‍ മേയർക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാൽ, ഹൈബിയുടെ ഭാവമാറ്റം എന്തുദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും സൗമിനി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.