കൊച്ചി: പെരുമ്പാവൂരില്‍ വ്യാജ ബില്ലുണ്ടാക്കി 138 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസ്. മുഖ്യസൂത്രധാരനായ പിടിസി നിഷാദ് എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിനെ സെന്‍ട്രല്‍ എക്സൈസ് പിടി കൂടി. പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയക്കുന്നതിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. പേരിനുമാത്രം ജിഎസ്ടി റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ്. കേരളത്തിലെ ആദ്യ ജിഎസ്‌ടി തട്ടിപ്പുകേസാണിത്. കൂടാതെ രാജ്യത്ത് ഇതുവരെ പിടിച്ചതില്‍ ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പുമാണ്.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെട്ടിപ്പ് നടത്തിയതായി സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. പേരിനുമാത്രം ജിഎസ്ടി റജിസ്ട്രേഷനുള്ള ചിലരുടെ ബില്ലുകൾ ഉപയോഗിച്ച് പ്ളൈവുഡ് കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈദരാബാദ്, കോയമ്പത്തൂർ, ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുള്ള ബില്ലുകൾ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകൾ ഉപയോഗിച്ച് ജിഎസ്ടിയിൽ നിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റെടുത്തെന്നും ബില്ലിൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നല്ല ചരക്കുകൾ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലാത്ത ചെറുകിട കമ്പനികൾ നിർമ്മിച്ച പ്ളൈവുഡുകളാണ് വിറ്റത്. പ്ളൈവുഡിന് 18 ശതമാനമാണ് ജിഎസ്ടി. ഇത് അടയ്ക്കാത്ത ചരക്കുകളുടെ പേരിൽ തുല്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികൾ എടുത്തതിനാൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടമാണുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.