കൊച്ചി: കർശന നിയന്ത്രണങ്ങളോടെ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. അതീവ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയാണ് ലുലു തുറക്കുന്നത്. മാർച്ച് 24 നു പ്രവർത്തനം നിർത്തിവച്ച ലുലു മാൾ രണ്ടര മാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്.

മാളിൽ ഇന്നലെ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കൃത്യമായ ഇടവേളകളിൽ അണുനശീകരണം തുടരും. എന്റർടെയ്‌ൻമെന്റ് സോണുകൾ, ഫുഡ് കോർട്ടുകൾ, സിനിമ തിയറ്ററുകൾ, കുട്ടികൾക്കായുള്ള സോണുകൾ എന്നിവ പ്രവർത്തിക്കില്ല. കർശനമായ പരിശോധനകൾക്ക് ശേഷമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റെെസർ ലുലുവിനു പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്‌മാവ് അളക്കും. സാധാരണയിൽ കവിഞ്ഞ താപനിലയുണ്ടെങ്കിൽ അവരെ അകത്ത് പ്രവേശിപ്പിക്കില്ല.

Read Also: ആരാധനാലയങ്ങളും മാളുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും; മാർഗനിർദേശങ്ങൾ പാലിക്കണം

രോഗലക്ഷണങ്ങളുള്ളവർക്കും വിലക്കുണ്ട്. മാസ്‌ക് നിർബന്ധമാണ്. സദാസമയവും പാൻഡമിക് റെസ്‌പോൺസ് ടീം മാളിനുള്ളിൽ ഉണ്ടാകും. ഒന്നര മീറ്റർ അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ഉപഭോക്‌താക്കൾക്ക് ഉച്ചഭാഷിണിയിലൂടെ നിർദേശങ്ങൾ നൽകും.

സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കും മാളുകൾക്കും ഹോട്ടലുകൾക്കും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ട്. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങളിലും മാളുകളിലും ഹോട്ടലുകളിലും ഇന്നുമുതൽ ആളുകളെ പ്രവേശിപ്പിക്കുക. നിയന്ത്രണങ്ങളിൽ ലംഘനമുണ്ടായാൽ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. ഇന്നുമുതൽ തുറന്നുപ്രവർത്തിക്കേണ്ടതിനാൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്നലെ അണുവിമുക്‌തമാക്കിയിരുന്നു. സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറന്നുപ്രവർത്തിക്കേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് പല ആരാധനാലയങ്ങളും തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook