കൊച്ചി: കഴിഞ്ഞദിവസമാണ് പൊലീസിനേയും ജനങ്ങളേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് എറണാകുളത്തെ  കുമ്പളത്ത് നിന്നും  മൃതദേഹം കണ്ടെത്തിയത്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ടാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഏതാണ്ട്  ഒരു വർഷത്തിലേറെ  പഴക്കമുള്ള കൊലപാതകമാണിതെന്ന് പൊലീസ്‌ സംശയിക്കുന്നു. ഈ കേസിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ഒരു സംഭവത്തോട് സാമ്യമുണ്ടോ?.  ‘ജുങ്കോ ഫുറുത കേസ്’ എന്നറിയപ്പെടുന്ന കൊലപാതകം അതിന്‍റെ ക്രൂരത ഒന്നുകൊണ്ടാണ് രാജ്യത്തെയൊട്ടാകെ പിടിച്ചുകുലുക്കിയത്‌. അതിനെ കുറിച്ച് വന്ന പൊലീസ് അന്വേഷണം പുറത്തു കൊണ്ടുവന്ന വിവരങ്ങൾ ഇതാണ്.

എന്താണ് ജുങ്കോ ഫുറൂത കേസ്?
44ദിവസം നീണ്ട അതിക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി  കൊല്ലപ്പെടുന്നത്.  ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലാണ് ജുങ്കോ ഫുറൂതയുടെ വിദ്യാഭ്യാസം. മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരിവസ്തുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ജുങ്കോ ഫുറുത തലതെറിച്ച സഹപാഠികളില്‍ അസൂയ ജനിപ്പിച്ചിരുന്നു. സ്കൂളില്‍ വച്ച് ഹിരോഷി മിയാനോ എന്ന വിദ്യാര്‍ഥിയ്ക്ക് ജുങ്കോ ഫുറൂതയോട് താൽപര്യമുണ്ടായി. ഈ താൽപര്യം  ജുങ്കോ ഫുറൂത നിരസിച്ചതാണ് പിന്നീട് ലോകം കണ്ട ഏറ്റവും പൈശാചികമായ കുറ്റകൃത്യങ്ങൾക്ക് ഒന്നിന്   വഴിയൊരുക്കിയത്.

ജുങ്കോ ഫുറൂത

1988 നവംബര്‍ 25ന് ഹിരോഷി മിയാനോ അടക്കം വരുന്ന നാല് ചെറുപ്പക്കാര്‍ ജുങ്കോ ഫുറൂതയെ തട്ടിക്കൊണ്ടുപോയി.  അവരിൽ ഒരാളുടെ രക്ഷിതാവിന്രെ പേരിലുളള വീട്ടിലേയ്ക്കാണ് തട്ടിക്കൊണ്ടുപോയത്.  ടോക്യോയിലെ അഡാച്ചിയിലായിരുന്നു ആ വീട്.

തട്ടിക്കൊണ്ടുപോയ ശേഷം അവര്‍ ജുങ്കോ ഫുറുതയെക്കൊണ്ട് അവളുടെ രക്ഷിതാക്കളെ വിളിപ്പിക്കുന്നു. താന്‍ അപകടത്തിലല്ലെന്നും നാടുവിട്ട് തന്‍റെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ പോവുകയുമാണ് എന്നായിരുന്നു ജുങ്കോ ഫുറുത അവസാനമായി രക്ഷിതാക്കളെ അറിയിച്ചത്. പിന്നീടുള്ള 44 ദിവസം നേരിടേണ്ടി വരുന്ന  നരകതുല്യമായ യാതനകളെക്കുറിച്ച് അപ്പോള്‍ അവള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.

ഈ നാല്‍പ്പത്തിനാല് ദിവസങ്ങളില്‍ മിക്കവാറും സമയം അവര്‍ ജുങ്കോ ഫുറുതയെ നഗ്നമായി നിര്‍ത്തി. തോന്നുന്ന സമയങ്ങളിലൊക്കെ അവളെ ക്രൂരമായി ബലാൽസംഗം ചെയ്തു. ജാപ്പനീസ് മാഫിയയായ യകൂസകള്‍ അടക്കം വരുന്ന അഞ്ഞൂറോളം പേര്‍ അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. ചില ദിവസങ്ങളില്‍  പന്ത്രണ്ട്  പുരുഷന്മാര്‍ വരെ അവരെ ലൈംഗികമായി പീഢിപ്പിച്ചു.

ഇതിനൊക്കെ പുറമേ കടുത്ത ശാരീരിക പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും ജുങ്കോ ഫുറുതയ്ക്ക് കടന്നുപോകേണ്ടി വന്നു. ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ചുള്ള മര്‍ദ്ദനം മുതല്‍ ഗുഹ്യ ഭാഗങ്ങളില്‍ ബോട്ടിലുകളും ഇരുമ്പ് ദണ്ഡ്  ഉപയോഗിച്ചുള്ള പ്രയോഗങ്ങളിലൂടെയും അവള്‍ക്ക് കടന്നുപോകേണ്ടിവന്നു.

ഇതേ കാലയളവില്‍ അവള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കൊടുത്തില്ല എന്ന് മാത്രമല്ല പലപ്പോഴും പാറ്റയെ തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു, അവളുടെ ശരീരത്തില്‍ തീക്കൊള്ളികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, വീടിന്‍റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്സിങ് ബാഗാക്കി, മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചും മെഴുകുരുക്കിയൊലിച്ചും കണ്‍പോളകല്‍ കരിച്ചു കളഞ്ഞു. തുന്നല്‍ സൂചികൊണ്ട് ശരീരത്തില്‍ തുളയിട്ടു, സിഗരറ്റുകളും ലൈറ്ററുകളും വച്ച് ശരീരം പൊള്ളിച്ചു. ഇങ്ങനെ  അതിക്രൂരമായ പീഡനങ്ങളിലൂടെയാണ്  ജുങ്കോ ഫുറുതയ്ക്ക് മരണത്തിന് മുന്‍പ് കടന്നുപോകേണ്ടി വന്നത്.

മര്‍ദ്ദനങ്ങള്‍ അവളുടെ ശ്വാസപ്രക്രിയയെ താറുമാറാക്കി. മൂക്കിലൂടെ ശ്വസിക്കാനാകാത്ത അവളുടെ രക്തയോട്ടം നിലച്ചു തുടങ്ങി. തകരാറിലായ അവളുടെ ആന്തരിക അവയവങ്ങള്‍ ഭക്ഷണവും വെള്ളവും എടുക്കാതായി. ഇത് കുടിക്കുന്ന വെള്ളത്തെ അതുപോലെ തന്നെ പുറംതള്ളുകയും അവളിലവസാനിച്ച ജലാംശത്തെക്കൂടി ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ അവളുടെ അവസ്ഥ പീഡകരെ കൂടുതല്‍ ദേഹോപദ്രവങ്ങൾ ഏൽപ്പിക്കുന്നതിലേയ്ക്ക്  മാത്രമാണ് നയിച്ചത്. മുപ്പത് ദിവസമാകുമ്പോഴേയ്ക്കും ജുങ്കോ ഫുറൂതയ്ക്ക് മലമൂത്ര വിസര്‍ജനം പോലും അപ്രാപ്യമായ കാര്യമായി. തന്‍റെ ചുറ്റും ഉള്ള നരകത്തിലേ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ജുങ്കോ ഫുറുതയുടെ ശ്രവണശക്തി ഇല്ലാതാവുകയും മസ്തിഷ്കം ചുരുങ്ങിപ്പോവുകയും ചെയ്തു. അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജുങ്കോ ഫുറുതയുടെ മരണം
44 ദിവസം നീണ്ടുനിന്ന പീഡനത്തിനിടയില്‍ തന്നെ കൊന്നുകളഞ്ഞുകൂടെ എന്ന് ജുങ്കോ ഫുറുത പലകുറി ആവര്‍ത്തിച്ചു കേണുവെങ്കിലും അവരതിന് തയ്യാറായില്ല. പകരം അവര്‍ അവരെ വെല്ലുവിളിക്കുകയാണ് ചെയ്തത്. മാജോങ് എന്നറിയപ്പെടുന്ന ഒരു ചീട്ടുകളിയില്‍ പങ്കെടുക്കാന്‍ !

കളിയില്‍ ജുങ്കോ ഫുറുത വിജയിച്ചു, മരണത്തിലും എന്ന് പറയേണ്ടി വരും. അവളുടെ വിജയത്തില്‍ കുപിതരായ പീഡകര്‍ ലോഹത്തിന്‍റെ വയര്‍ കൊണ്ട് അവളെ തുടരെ തുടരെ മര്‍ദ്ദിച്ചു, കാലിലും കൈയിലും മുഖത്തും വയറിലുമായി എണ്ണയൊഴിച്ച് തീക്കൊളുത്തി. തൊട്ടടുത്ത ദിവസം ക്രൂരമായ പീഡനത്തില്‍ നിന്നും മരണം അവള്‍ക്ക് മുക്തി നല്‍കി.

ജുങ്കോ ഫുറൂത കേസില്‍ കുറ്റവാളികളായി കണ്ടെത്തിയവര്‍

കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോള്‍
ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലൻ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്‍റ് ട്രക്കിലേയ്ക്ക്  (സിമന്ര് മിക്സ് ചെയ്യുന്ന യന്ത്രം ഘടിപ്പിച്ച വാഹനം) നിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഒരു മൃതദേഹം ഒളിപ്പിക്കാനും നശിപ്പിക്കാനും എളുപ്പം അത് കാണാത്ത വിധം പരസ്യമായി തന്നെ വയ്ക്കുകയാകും എന്നൊരു വികല ബുദ്ധിയായിരുന്നു കൊലപാതകികള്‍ക്ക് തോന്നിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ വിരലടയാള വിദഗ്‌ധരുടെ സഹായത്തോടെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്ത ഒരാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. അയാളിലൂടെ കൊലപാതകത്തിന്‍റെ കണ്ണികളെ ബന്ധിപ്പിച്ച പൊലീസുകാര്‍ ഒരു മാസത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു.

കുമ്പളത്ത് കണ്ടെത്തിയ മൃതദേഹവുമായുള്ള സാമ്യം
ജുങ്കോ ഫുറുതയുടെ മൃതദേഹം ഒളിപ്പിച്ച അതേ വിധത്തിലാണ് കുമ്പളത്ത് നിന്നും കേരള പൊലീസിന് ലഭിച്ച മൃതദേഹവും അടക്കം ചെയ്തത്. ഇവിടെ വീപ്പയുടെ അകത്ത് കോൺക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകൾ വശത്തും കോൺക്രീറ്റ് ഒഴിച്ച് മൂടുകയായിരുന്നു. എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. തലകീഴായി നിർത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോൺക്രീറ്റ് നിറച്ചപ്പോൾ അസ്ഥികൾ ഒടിഞ്ഞുമടങ്ങിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്‍റെ കനത്തില്‍ അസ്ഥികള്‍ മടങ്ങണം എങ്കില്‍ എത്രകാലം പഴക്കമുള്ള മൃതദേഹം ആണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ക്ക് അനുമാനിക്കാനാകും.

കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേർന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുൻപ് മൽസ്യത്തൊഴിലാളികളാണ് കായലിൽ നിന്ന് വീപ്പ കണ്ടെത്തി കരയിലേയ്ക്ക് കൊണ്ടുവന്നത്.  ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ അത്  അവർ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മൽസ്യബന്ധനത്തിന് എത്തിയ തൊഴിലാളികൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയം ആരംഭിക്കുന്നത്. മൃതദേഹത്തിൽ ഫോറൻസിക് വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്. ഇതിന് പുറമേ 1600 രൂപയും കണ്ടെത്തി. നിരോധിച്ച 500 രൂപയുടെ മൂന്ന് നോട്ടുകളും ഒരു 100 ന്റെ നോട്ടുമാണ് കണ്ടെത്തിയത്. “കൊലപാതകം 2016 ഡിസംബറിന് മുൻപ് നടന്നതാകാനാണ് സാധ്യത എന്നും അതിന് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പഴക്കം ഉണ്ടായേക്കാം  എന്നും പൊലീസ് പറഞ്ഞു.

കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടന്നിട്ടുണ്ട്. ഡിഎൻഎ പരിശോധന കഴിഞ്ഞാല്‍ മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താൻ സാധിക്കും. മൃതദേഹത്തിലെ തലയോട്ടിയിൽ നിന്ന് മുടിനാരുകൾ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയവും നിലനില്‍ക്കുന്നു. മുടി ബോബ് ചെയ്ത പെൺകുട്ടിയുടേതാകാനും സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധനയും ഡിഎൻഎ പരിശോധനയും കഴിഞ്ഞ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. പനങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ജപ്പാനിലെ  ജുങ്കോ ഫുറുത കേസുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയാനാകില്ല. നടന്നിട്ടുള്ളതായ ക്രിമിനല്‍ സംഭവങ്ങളില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ട് സമാനമായ കൃത്യങ്ങള്‍ ആവര്‍ത്തിച്ച സംഭവങ്ങള്‍ അനവധിയാണ്. ജുങ്കോ ഫുറുത കേസിന്  സമാനമായ രീതിയിലാണ് ഇവിടേയും മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചത്. മൃതദേഹം നശിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണോ യാദൃശ്ചികമായ ഈ സാമ്യം ഉണ്ടായത് എന്ന കാര്യം പൊലീസ് കണ്ടത്തേണ്ടതാണ്. എന്നിരുന്നാലും ജുങ്കോ ഫുറുതയുടെ കേസ് ഇനി കേരളവും ചർച്ച ചെയ്യും.

Read More : കൊച്ചിക്കാരെ ഞെട്ടിച്ച് കൊലപാതക വാർത്ത; പൊലീസിനെ കുഴക്കി നിരോധിച്ച നോട്ടും തുണിയും തലമുടിയും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ