കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബോൾ മൽസരം മാത്രം നടത്താമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജിസിഡിഎ ചെയർമാൻ സി.എൻ.മോഹനൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഐ.എം.വിജയനും സി.കെ.വിനീതും കരുതും പോലെ സ്റ്റേഡിയം ജെസിബി കൊണ്ട് പൊളിക്കില്ല. നാലോ അഞ്ചോ പിച്ച് നിർമ്മിക്കുകയേ ഉളളൂ. ഇത് മൽസരം കഴിഞ്ഞാലുടൻ പൂർവ്വ സ്ഥിതിയിലാക്കും,” ജിസിഡിഎ ചെയർമാൻ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ബ്ലാസ്റ്റേഴ്സ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല. എന്നാൽ കൊച്ചിയിൽ ഫുട്ബോളും ക്രിക്കറ്റും നടത്താവുന്ന ടർഫാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. മൈതാനം ഫുട്ബോളിന് മാത്രമായി വേണമെന്ന് ബ്ലാസ്റ്റേഴ്സോ ക്രിക്കറ്റിന് വേണ്ടി മാത്രമായി വേണമെന്ന് കെസിഎയോ ആവശ്യപ്പെട്ടില്ലെന്ന് സി.എൻ.മോഹനൻ പറഞ്ഞു.

“നവംബർ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മൽസരം. മത്സരം നടന്നാൽ 22 ദിവസം കൊണ്ട് മൈതാനം ഫുട്ബോൾ ടർഫാക്കി മാറ്റാം. എന്നാൽ ഫുട്ബോൾ ടർഫ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചാക്കുന്നതിന് ജൂലൈ മുതൽ സമയം ആവശ്യമാണ്.”

“ബ്ലാസ്റ്റേഴ്സിന്റെ മൽസരം സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് രേഖാമൂലം ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതെല്ലാം ബിസിനസാണല്ലോ. മൈതാനം ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രമായി നൽകണമെന്ന് അവരും പറഞ്ഞിട്ടില്ല. കെസിഎയ്ക്കും അങ്ങിനെയൊരു നിലപാടില്ല.”

കൊച്ചിയിൽ രണ്ട് മൽസരവും നടത്തണമെന്നാണ് ജിസിഡിഎയുടെ ആഗ്രഹമെന്നും ചെയർമാൻ സി.എൻ.മോഹനൻ പറഞ്ഞു. മുൻപും സമാനമായ സാഹചര്യം ഉണ്ടായിരുന്നുവെന്ന് കെസിഎയും കേരള ഫുട്ബോൾ അസോസിയേഷനും ജിസിഡിഎ ചെയർമാനും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.