കൊച്ചി:  നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, ഇസ്രയേലിൽ നിന്ന് ഇന്ത്യയിലെത്തിയ ജൂത കുടിയേറ്റത്തിന്റെ ചരിത്രത്തിന്. ആ ചരിത്രം ചികഞ്ഞാൽ നീണ്ട 818 വർഷത്തെ പഴക്കമാണ് എറണാകുളത്തെ കടവുംഭാഗം ജൂതരുടെ കഥയ്ക്ക് പറയാനുണ്ടാവുക. അവരുടേതാണ് എറണാകുളം ബ്രോഡ്‌വേയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുംഭാഗം ജൂത പളളി. മലബാറി ജൂതരുടേതാണ് ഈ പളളി.

മുസിരിസ്സ് പട്ടണം പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നപ്പോള്‍ മുസിരിസിലുണ്ടായിരുന്ന ജൂതർ കൂട്ടത്തോടെ കൊച്ചിയിലേക്ക് കുടിയേറിയിരുന്നു. മുസിരിസില്‍ കടവുംഭാഗം പ്രദേശത്ത് നിന്നു എറണാകുളത്തേക്ക് വന്നവർ ഇന്നത്തെ ബ്രോഡ്‌വേ നിലകൊളളുന്ന സ്ഥലത്ത് നിർമ്മിച്ച പളളിയാണ് ഇന്ന് കടവുംഭാഗം ജൂത പളളി എന്നറിയപ്പെടുന്നത്.

എഡി 1200 ൽ കൊച്ചി രാജാവിന്റെ സഹായത്തോടെയാണ് ജൂത സമൂഹം ഇവിടെ പളളി നിർമ്മിക്കുന്നത്. പിൽക്കാലത്ത് 16ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പളളിയുടെ മുൻവശത്ത് രണ്ട് നിലകളുളള ഭാഗം കൂട്ടിച്ചേർക്കപ്പെട്ടു. ഇന്നിപ്പോൾ പളളിയുടെ 818ാം വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് പളളിയുടെ നടത്തിപ്പുകാരനായ ബാബു. ഡിസംബർ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഏഴ് മണി വരെയാണ് ചരിത്ര പ്രാധാന്യമുളള പ്രാർത്ഥനാ ചടങ്ങുകൾ.

ജൂത പളളിയുടെ ഉൾവശം. ചിത്രം/ ഹരികൃഷ്‌ണൻ കെആർ

കൊച്ചിയിൽ ജൂതസമൂഹത്തെ പങ്കെടുപ്പിച്ച് ഇങ്ങിനെ ഒരു സംഗമം നടത്താനാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന്   ഇലിയാസ് ജോസഫി എന്ന ബാബു പറഞ്ഞു. കൊച്ചിയിലെ ജൂത പാരമ്പര്യത്തിൽ അവസാനത്തെ കണ്ണികളിലൊരാളാണ് അദ്ദേഹം.

ജൂതസംഗമത്തിന്റെ സംഘാടകനാകുന്നതിന്റെ മുഴുവൻ തിരക്കും ബാബുവിനുണ്ട്, ഒപ്പം നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം പ്രതിനിധികൾ പളളിയിലെത്തുമ്പോൾ ഒരുക്കങ്ങളുടെ അവസാന മിനുക്കു പണികളിലായിരുന്നു അദ്ദേഹം.

“ആയുസിൽ പ്രതീക്ഷിച്ചതല്ല, ഇതുപോലെയൊന്ന് നടത്തുമെന്ന്,” അദ്ദേഹം പറഞ്ഞു. “എല്ലാവരും ഇസ്രയേലിലേക്ക് പോയപ്പോൾ 1972 ലാണ് ഇത് പ്രാർത്ഥന നടക്കാതെ അടച്ചത്. അവരെ പോലെ ഇസ്രായേലിലേക്ക് പോകണം എന്നാണ് എപ്പോഴത്തെയും ആഗ്രഹം. പക്ഷെ ഈ പളളി സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കാതെ പോകാനാകില്ല,” അദ്ദേഹം പറഞ്ഞു.

ബാബു ജൂത സിനഗോഗിലെ അവസാനവട്ട ഒരുക്കങ്ങൾക്കിടെ ഫൊട്ടോ: ഹരികൃഷ്‌ണൻ കെ.ആർ

ഇസ്രയേലിൽ നിന്നടക്കമുളള നൂറോളം ജൂതരെ പങ്കെടുപ്പിച്ചാണ് കടവുംഭാഗം ജൂത പളളിയിൽ വാർഷികാഘോഷം നടക്കുന്നത്.  “ഇസ്രായേലിൽ നിന്നും ഹങ്കറിയിൽ നിന്നുമായി 20 ഓളം ജൂതർ കൊച്ചിയിലെത്തിയിട്ടുണ്ട്.  ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ചടങ്ങിൽ പങ്കെടുക്കും. മുംബൈയിൽ നിന്ന് ആറ് പേരും തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് 60 ഓളം പേരും പ്രാർത്ഥനകളുടെ ഭാഗമാകും.  കൊച്ചിയിൽ നിന്നുളള അംഗങ്ങളും കൂടുമ്പോൾ നൂറിലേറെ പേർ പ്രാർത്ഥനകളിൽ പങ്കെടുക്കും,” അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് മാർക്കറ്റ് റോഡും ജൂ സ്ട്രീറ്റും തമ്മിൽ ബന്ധിക്കുന്ന ജങ്ഷനോട് തൊട്ടുചേർന്നാണ് പളളി സ്ഥിതി ചെയ്യുന്നത്. റോഡരികിൽ പച്ച പുതഞ്ഞ കവാടത്തിലൂടെ നോക്കിയാൽ ആദ്യം കാണുന്ന ഇടവഴിയാണ് കടവുംഭാഗം ജൂത പളളിയിലേക്ക് എത്തിനിൽക്കുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ പളളിയുടെ പഴമയും പ്രൗഢിയും ആർക്കും തിരിച്ചറിയാനാകും.

സിനഗോഗിലേക്കുളള വഴി  ഫൊട്ടോ ഹരികൃഷ്ണൻ കെആർ

“പ്രാർത്ഥനയ്ക്കായി എത്തിയ പലരും ഇപ്പോൾ കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി പലയിടത്തുമാണ്. ചിലർ ആലപ്പുഴയിലുണ്ട്. ചിലർ കുമരകത്താണ്. മറ്റ് ചിലർ കൊച്ചിയിലുണ്ട്,” ബാബു പറഞ്ഞു.

1972 ൽ അവസാനിച്ചതാണ് പളളിയുടെ സ്ഥിരമായ പ്രാർത്ഥന. അംഗങ്ങളെല്ലാം ഒന്നൊന്നായി ഇസ്രയേലിലേക്ക് മടങ്ങിയതോടെയായിരുന്നു ഇത്. രണ്ട് വർഷത്തിന് ശേഷം പളളിയിലെ മതഗ്രന്ഥം “തോറ” ഇസ്രയേലിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനയ്ക്ക് വേണ്ടി “തോറ” നാളെ രാവിലെ ഇസ്രയേലിൽ നിന്നുളള സംഘം പളളിയിലെത്തിക്കും. ഇത് ഇസ്രയേലിൽ നിന്ന് കൊണ്ടുവരുന്നതാണ്.

ബാബുവുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രാർത്ഥനകൾക്കായി ഇസ്രയേലിൽ നിന്ന് വന്ന മാക്സിം-യഹിയ ദമ്പതികളും ഇവിടേക്ക് എത്തിയത്. പളളി കാണാനും ഒരുക്കങ്ങൾ എങ്ങിനെയുണ്ടെന്ന് അറിയാനുമാണ് തങ്ങൾ വന്നതെന്ന് അവർ പറഞ്ഞു. “ഇതാദ്യമായാണ് കേരളത്തിൽ വരുന്നത്. വളരെ മുൻപ് തന്നെ ഇന്ത്യയിലെ ജൂത പാരമ്പര്യത്തെ കുറിച്ച് കേട്ടിരുന്നു. ഇപ്പോഴും ഇസ്രയേലിലേക്ക് മടങ്ങാതെ കഴിയുന്ന ജൂതർക്ക് ഇത്തരം പ്രാർത്ഥന കളിലൂടെയാണ് ജൂതസമൂഹവുമായി അടുത്തിടപഴകാൻ സാധിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ പ്രാർത്ഥന. പങ്കെടുക്കാനായതിൽ വളരെയേറെ സന്തോഷമുണ്ട്,” അവർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

എട്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് വാർഷികം. അതിൽ അവസാന മൂന്ന് ദിവസങ്ങളിലാണ് പ്രധാന പ്രാർത്ഥനകൾ. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെയാണ് പ്രധാന പ്രാർത്ഥന. പിന്നീട് വെളളി ശനി ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും പ്രാർത്ഥനകളും ഉണ്ടാകും. ശനിയാഴ്ച രാത്രി നടക്കുന്ന പ്രാർത്ഥനയോടെ വാർഷികാഘോഷം അവസാനിക്കും.

Kochi Synagogue, Ernakulam Jewish Synagogue, Jewish Synagogue, Ernakulam, Synagogue, Kadavumbhagam Synagogue, കടവുംഭാഗം സിനഗോഗ്, കൊച്ചി സിനഗോഗ്, കേരളത്തിലെ ജൂതപ്പളളികൾ, Ie Malayalam, Kochi News, Kochi Celebrations, ഐഇ മലയാളം

മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ അകവശം  ഫൊട്ടോ: കേരള ടൂറിസം

ഇതേ സമയം തന്നെ മട്ടാഞ്ചേരിയിലെ പരദേശി ജൂത സിനഗോഗിലും വാർഷികാഘോഷം നടക്കുന്നുണ്ട്. 450ാം വാർഷികം ആഘോഷിക്കുന്ന ഇവിടെ ഇസ്രയേലിലേക്ക് തിരികെ പോയവരും അവരുടെ പിന്മുറക്കാരും പ്രാർത്ഥനകൾക്കായി വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് പത്ത് പേരെങ്കിലും പ്രാർത്ഥനയ്ക്ക് ആവശ്യമാണെന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ പരദേശി ജൂതരിൽ അവശേഷിക്കുന്നത് അഞ്ച് പേർ മാത്രമായതിനാലാണ് ഇവിടെ പ്രാർത്ഥന മുടങ്ങിയത്. കടവുംഭാഗം ജൂത സിനഗോഗിനേക്കാൾ ഏറെ പ്രശസ്തിയാർജ്ജിച്ചതാണ് ഈ പളളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.