ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയാണെന്ന് പഠന റിപ്പോർട്ട്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന് (എ.ഡി.ബി.) വേണ്ടി നഗരവികസന മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ് നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്‍. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സ്മാര്‍ട്ട്‌സിറ്റികളായി വികസിപ്പിക്കുന്ന ആദ്യത്തെ 20 നഗരങ്ങളിലെ സൗകര്യങ്ങള്‍ പഠനവിധേയമാക്കിയാണ് തിരഞ്ഞെടുപ്പ്. ബഹുതല പുരോഗതി സൂചിക(മള്‍ട്ടി-ഡയമെന്‍ഷനല്‍ പ്രോസ്​പരിറ്റി ഇന്‍ഡക്‌സ്-എം.പി.ഐ.) അടിസ്ഥാനമാക്കിയായിരുന്നു പഠനം. നഗരതലത്തില്‍ ലഭ്യമായ വിവരങ്ങള്‍, 2011-ലെ സെന്‍സസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ യൂണിറ്റ്തല ഡേറ്റ, വിവിധ റിപ്പോര്‍ട്ടുകള്‍, നഗരവികസന മന്ത്രാലയമടക്കം വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ എന്നിവ ക്രോഡീകരിച്ച് 28 മാനദണ്ഡങ്ങളുണ്ടാക്കിയാണ് ബഹുതല പുരോഗതിസൂചിക തയ്യാറാക്കിയത്.

ഭൗതികവും സാമ്പത്തികവുമായ അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍, സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ആസ്തികള്‍, മറ്റ് സൗകര്യങ്ങള്‍, വീടുകളിലെ സൗകര്യങ്ങള്‍ എന്നിവ താരതമ്യംചെയ്തു. ഈ നാലു കാര്യങ്ങളുടെയും സൂചികയില്‍ കൊച്ചിക്ക് 329.8 പോയന്റ് ലഭിച്ചപ്പോള്‍ തൊട്ടുതാഴെയുള്ള ന്യൂഡല്‍ഹിക്ക് 248.3-ഉം മൂന്നാം സ്ഥാനത്തുള്ള ലുധിയാനയ്ക്ക് 173.7-ഉം ലഭിച്ചു.

ഭൗതിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മറ്റ് 19 നഗരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ് കൊച്ചി. സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള ആസ്തികള്‍, ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. അതേസമയം, വീടുകളിലെ സൗകര്യങ്ങള്‍, വിഭ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ കൊച്ചിയില്‍ കുറവാണ്.

ഇന്ത്യയിൽ ഏറ്റവും പുരോഗതിയുള്ള പത്ത് നഗരങ്ങൾ:

കൊച്ചി

ന്യൂഡൽഹി

ലുധിയാന

ധാവങ്കര

കോയന്പത്തൂർ

ജയ്പൂർ

ചെന്നൈ

വിശാഖപട്ടണം

അഹമ്മദാബാദ്

പൂണെ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ