കൊച്ചി: മത സ്‌പർദ്ധ വളർത്തുന്ന സിലബസ് പഠിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി പീസ് സ്കൂൾ മാനേജിങ് ഡയറക്ടറെ പൊലീസ് പിടികൂടി. ഹൈദരാബാദിൽ വച്ചാണ് പീസ് സ്കൂൾ എംഡിയായ എം.എം.അക്ബർ പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

നേരത്തെ മതസ്‌പർദ്ധ വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്റർനാഷണൽ പീസ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. നേരത്തേ വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയിൽ സ്കൂളിലെ പാഠപുസ്തകങ്ങളിൽ തീവ്ര മത ചിന്തയും മത സ്‌പർദ്ധയും വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയിരുന്നു.

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയിൽ കൊച്ചിയിലെ സ്കൂളുകളാണ് അടച്ചുപൂട്ടാൻ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്കൂളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസർ കണ്ടെത്തിയിരുന്നു.

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍നിന്ന് ആളെ ചേര്‍ക്കുന്നതില്‍ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന അബ്ദുള്‍ റാഷിദ്, യാസ്മിന്‍ അഹമ്മദ് എന്നിവര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിലുള്ള കേസാണിത്. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പോയെന്ന് കരുതുന്ന കൊച്ചി സ്വദേശിനി മെറിനും മതംമാറിയ ശേഷം സ്കൂളിൽ ജോലി ചെയ്തിരുന്നു.

ഇതോടെയാണ് സ്കൂളിനെതിരെ അന്വേഷണം ശക്തമായത്. ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളെ കുറിച്ചുളള അന്വേഷണത്തിനിടെ സ്കൂളിൽ നടത്തിയ റെയ്ഡിലാണ് പാഠപുസ്തകവും മറ്റും പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടത്. പാഠഭാഗങ്ങളിൽ അസ്വാഭാവികത കണ്ടെത്തിയതോടെ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. നവി മുംബൈ കേന്ദ്രമായ ബുറൂജ് റിയലൈസേഷന്‍ എന്ന ഇസ്‌ലാമിക് വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ചത് എന്നാണ് കണ്ടെത്തൽ.

അതേസമയം, ആഗോള തലത്തിൽ തന്നെ ഭീകരവാദ പ്രവർത്തനത്തിന്റെ കരിനിഴലിൽ ഉള്ള മതപ്രഭാഷകൻ സാക്കിർ നായിക്കുമായി സ്കൂളിന് ബന്ധമുള്ളതായും സംശയിക്കപ്പെടുന്നുണ്ട്. ഇപ്പോൾ പിടിയിലായിരിക്കുന്ന എം.എം.അക്ബറും തീവ്ര മത ചിന്ത ഉണർത്തുന്ന പ്രഭാഷണങ്ങൾ നടത്തിവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook