കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്രനേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചത്. സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുന്നത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഈ സാമ്പത്തികവര്‍ഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ചെന്നൈയില്‍ നിന്നെത്തിയ 6E 563 ഇൻഡിഗോ വിമാനത്തില്‍ നിന്നുള്ള 175 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാല്‍, ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരു കോടി തൊട്ടയാത്രക്കാരുടെ പ്രതിനിധിയെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യൻ സ്വീകരിച്ചു. യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവൻ സ്വര്‍ണ നാണയം സമ്മാനിച്ചു. ഇൻഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണിൻസിയാല്‍ മാനേജിങ് ഡയറക്ടര്‍ ഉപഹാരം നല്‍കി.

25 എയര്‍ലൈനുകള്‍ സിയാലില്‍ നിന്ന് സര്‍വീസ് നടത്തുന്നു. ഗള്‍ഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലേയ്ക്കും കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുണ്ട്. സിംഗപ്പൂര്‍, ക്വലാലംപൂര്‍, ബാങ്കോക്ക് എന്നി പൂര്‍വേഷ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രതിദിനം ശരാശരി മൂന്നുവീതം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. നിലവിലെ ശീതകാല ഷെഡ്യൂള്‍ പ്രകാരം പ്രതിവാരം ഡല്‍ഹിയിലേയ്ക്ക് 95, ബെംഗളൂരുവിരിലേയ്ക്ക് 71, മുംബൈയിലേയ്ക്ക് 68 എന്നിങ്ങനെയാണ് സിയാലില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍. അഹമ്മദാബാദ്, ജയ്പൂര്‍, പുണെ, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളിലേയ്‌ക്കെല്ലാം സിയാലില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകളുണ്ട്. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവും സിയാലിനുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ