കൊച്ചി: മഴ കുറയുകയും വെള്ളക്കെട്ട് ഇറങ്ങുകയും ചെയ്തതോടെ മഴയിൽ ഒലിച്ചുപോയ ജീവിതം കരക്കെത്തിക്കാനുള്ള ശ്രമത്തിലാണ് കേരളം. വീടും നാടും വഴികളുമൊക്കെ ശുചിയാക്കി മുന്നേറുന്ന ഒരു ക്ലീനിങ് ആർമിയെ മിക്കയിടങ്ങളിലും കാണാം. അതിനിടയിലും, തിരിച്ചുകിട്ടിയ ജീവിതത്തിന് രക്ഷാപ്രവർത്തരോട് നന്ദി പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാതെ വികാരഭരിതരാവുന്ന ഒരു ജനത കാഴ്ചയെ ഈറനണിയിക്കുന്നുണ്ട്.

ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടിട്ടും, സമചിത്തത വീണ്ടെടുത്ത് പരാതികളില്ലാതെ ജീവിതം ഒന്നിൽ നിന്നും തുടങ്ങുന്ന തിരക്കിനിടയിലും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രക്ഷാപ്രവർത്തകരോടുള്ള നന്ദി അറിയിച്ചു കൊണ്ടിരിക്കുന്നത്.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികളോടുള്ള നന്ദി പറച്ചിലുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ച. ഇപ്പോഴിതാ, രക്ഷാപ്രവർത്തനം നടത്തിയ നേവിയോടും സൈന്യത്തോടുമുള്ള നന്ദി ടെറസ്സിൽ വരെ രേഖപ്പെടുത്തുകയാണ് മലയാളി.

രക്ഷാപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി, ടെറസ്സിൽ ‘താങ്ക്യൂ’ എന്നു പെയിന്റടിച്ച വീടിന്റെ ഫോട്ടോ കൊച്ചിയിൽ നിന്നുമാണ്. ഒരു ചുവന്ന തുണിയോ വെള്ളത്തുണിയോ സഹായം അഭ്യർത്ഥിച്ച് താഴെ നിന്നും ഉയരുന്നുണ്ടോ എന്ന് ഹെലികോപ്റ്ററിലിരുന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തകരുടെ കണ്ണിന് കുളിർമ സമ്മാനിക്കുകയാണ് ഇത്തരം കാഴ്ചകൾ.

കമാൻഡർ വിജയ് വർമ്മയുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് നേവി​ ഈ ഏരിയയിൽ രക്ഷാപ്രവർത്തനം നടത്തുകയും രണ്ടു സ്ത്രീകളെ ഈ പ്രദേശത്ത് നിന്നും വെള്ളിയാഴ്ച രക്ഷിക്കുകയും ചെയ്തിരുന്നു.

പ്രളയക്കെടുതിയിൽ വലയുന്നവരെ രക്ഷിക്കാൻ ഇപ്പോഴും അക്ഷീണം പരിശ്രമിക്കുന്നവരുടെ പ്രവർത്തനങ്ങൾക്ക് കൂടി ഇത്തരം ചിത്രങ്ങൾ ഊർജ്ജം പകരുന്നുണ്ടെന്ന് പറയാതെ വയ്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.