കൊച്ചി: നഗരമധ്യത്തിലെ ബ്യൂട്ടി പാർലറിന് നേരെ ഉണ്ടായ വെടിവയ്പ്പിന് ശേഷവും പൊലീസിന് വെടിയുണ്ട കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരിൽ അമ്പരപ്പുളവാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. എന്നാൽ വെടിയുതിർത്ത സ്ഥലത്ത് നിന്ന് വെടിയുണ്ടയുടേതായ എന്തെങ്കിലും അവശിഷ്ടങ്ങളോ, വെടിയേറ്റ പാടോ ഉണ്ടായിരുന്നില്ല.

അതേസമയം അക്രമികളുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികൾ വരുമ്പോൾ ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്ന ഒന്നാം നിലയിലായിരുന്നു സെക്യുരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നത്.

കൊച്ചിയിലെ വെടിവയ്പ്പ്; ധർമ്മജന്റെ മത്സ്യക്കടയ്‌ക്ക് ‘അരലക്ഷം’ നഷ്ടം

രണ്ടരയോടെ കെട്ടിടത്തിന് സമീപത്തെത്തിയ അക്രമികൾ ഹെൽമറ്റ് അഴിക്കാതെ ചവിട്ടുപടികളുടെ ഭാഗത്തേക്ക് പോയി. ഇവിടെ വച്ചാണ് വെടിയുതിർത്തത്. മൂന്ന് ഭാഗവും ചുമരും ചവിട്ടുപടികളും ഉളള ഈ ഭാഗത്ത് എന്തായാലും വെടിയുണ്ടയുടെ എന്തെങ്കിലും പാടുണ്ടാകേണ്ടതാണ്. എന്നാൽ അതുണ്ടായില്ല.

അക്രമികൾ വെടിയുതിർക്കുന്നത് കണ്ടത് സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണ്. വെടിയുടെ ശബ്ദം ധർമ്മൂസ് ഫിഷ് ഹബിലുണ്ടായിരുന്നവർ കേൾക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ അക്രമി സെക്യുരിറ്റി ജീവനക്കാരന് നേരെ തോക്കുചൂണ്ടുന്നത് വ്യക്തമായിരുന്നു.

സിൽവർ നിറത്തിലുളള തോക്കാണെന്നാണ് ധർമ്മൂസ് ഫിഷ് ഹബ്ബിലെ ജീവനക്കാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്. അതേസമയം സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി  പ്രകാരം വെടിയുണ്ട പുറത്തേക്ക് വന്നിരുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

കൊച്ചിയെ നടുക്കിയ ‘വെടിയുണ്ട’; സിനിമാക്കഥ പോലെ ആക്രമണം

ഇതാണ് അക്രമികൾ ഉപയോഗിച്ചത് “ബ്ലാങ്ക് ഗൺ” ആകാമെന്ന സംശയം ഉയർത്തിയിരിക്കുന്നത്. ഒരു കളിത്തോക്കിന് സമാനമാണ് ബ്ലാങ്ക് ഗണ്ണിന്റെ പ്രവർത്തനം. ഇതിൽ നിന്ന് ശബ്ദവും തീപ്പൊരിയും പുകയും പുറത്തേക്ക് വന്നേക്കാം. എന്നാൽ വെടിയുണ്ട കത്തിക്കരിഞ്ഞ് പോകും.

ദി നെയിൽ ആർട്ടിസ്ട്രിയുടെ ഉടമയായ നടി ലീന മേരി പോൾ തന്റെ ജീവന് ഭീഷണിയുളളതായി പരാതിപ്പെട്ടിരുന്നു. നടി ഈ കടയിലേക്ക് വരുമ്പോഴെല്ലാം സ്വകാര്യ സുരക്ഷാ ജീവനക്കാർ ഒപ്പമുണ്ടാകാറുണ്ടെന്ന് ധർമ്മൂസ് ഫിഷ് ഹബ്ബിലെ ജീവനക്കാർ പറഞ്ഞു.

“ഓഡി കാറിലാണ് ലീന വരാറുളളത്. ഒപ്പം തന്നെ സ്കോർപിയോ കാറിൽ മൂന്നോ നാലോ സുരക്ഷാ ജീവനക്കാരും ഉണ്ടാകും. തോക്കൊക്കെ ഉണ്ടാകാറുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം മാത്രമേ അവർ ഇവിടെ വരാറുളളൂ,” എന്നും ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി ഉടമയായ അബിൻ പറഞ്ഞു.

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പ്

അക്രമികൾ ഹിന്ദിയിൽ “രവി പൂജാരി” എന്ന് എഴുതിയ കടലാസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് പോയത്. ലീന മേരി പോൾ ഉൾപ്പെട്ട മുൻകേസുകളുമായി സംഭവത്തെ പൊലീസ് കൂട്ടിവായിക്കുന്നുണ്ട്.

“ഈ തോക്ക് സിനിമയിൽ ഉപയോഗിക്കുന്ന തരം തോക്കാണ്,” എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ