കൊച്ചി:  വയോധികയെ കൂട്ട ബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ട് പ്രതികളും പിടിയിലായി. ദിവസങ്ങളോളം പലയിടത്തായി ഒളിവിൽ കഴിഞ്ഞ ശേഷം തിരികെയെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.

നിധിൻ(36), സത്താർ(38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നവംബർ 19 ന് രാത്രി 9.30 യോടെയാണ് സംഭവം. എഴുപതുകാരിയായ വയോധിക ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ സ്ഥാപനത്തിന് സമീപത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇരുവരും സത്താറിന്റെ കൊരട്ടിയിലെ ബന്ധുവീട്ടിൽ പോയി അഭയം തേടി. രണ്ട് ദിവസം ഇവിടെ താമസിച്ചതായാണ് വിവരം. പിന്നീട് ഇവിടെ നിന്നും ബെംഗളുരുവിലേയ്ക്ക് കടന്നു. തങ്ങളെ പൊലീസ് സംശയിക്കുന്നില്ലെന്ന നിഗമനത്തിലാണ് നാട്ടിലേക്ക് തിരികെ വന്നതെന്നും അപ്പോഴാണ് പൊലീസ് പിടികൂടിയതെന്നുമാണ് വിവരം.

പീഡനത്തിന് ശേഷം വയോധികയെ പ്രതികൾ വഴിയിലുപേക്ഷിച്ചാണ് പ്രതികൾ കടന്നത്. സത്രീ ഉടൻ തന്നെ സമീപവാസികളോട് വിവരം പറഞ്ഞു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“വയോധിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇരുവർക്കും എതിരെ ഐപിസി 376 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇവർ കൊരട്ടിയിലെ ബന്ധുവീട്ടിൽ അഭയം തേടിയ ശേഷം അവിടെ നിന്ന് ബെംഗളുരുവിലേക്ക് കടന്നതാണ്. തിരികെ നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു,” അന്വേഷണ ഉദ്യോഗസ്ഥനായ സിഐ മനോജ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്. പ്രതികളും ഇരയും തമ്മിൽ നേരിട്ടറിയാവുന്നവരാണ്. ഇവർ തമ്മിൽ മുൻവൈരാഗ്യമൊന്നും ഇല്ല,” സിഐ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ