scorecardresearch
Latest News

കൊച്ചി കൂട്ടബലാത്സംഗം: ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

വ്യാഴാഴ്ച അർധരാത്രിയാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത്

കൊച്ചി കൂട്ടബലാത്സംഗം: ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

കൊച്ചി: മോഡല്‍ കാറില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. ലഹരി നല്‍കിയതിനു ശേഷമാണോ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന കാര്യത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു.

സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിനി ഉള്‍പ്പെടെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്. സംഭവം നടന്ന കാര്‍ പൊലീസ് പിടിച്ചെടുത്തു. ഡി ജെ പാർട്ടിക്ക് എന്നു പറഞ്ഞാണു യുവതിയെ കൊണ്ടുവന്നത്. ബലാത്സംഗത്തിന് ഒത്താശ ചെയ്തതു രാജസ്ഥാൻ സ്വദേശിനിയാണെന്നും പ്രതികള്‍ യുവതിയുടെ സുഹൃത്തുക്കളായിരുന്നോയെന്നു പരിശോധിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

ബാറിൽ തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമെന്ന് പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞു. ബാറിലേക്കു തന്നെ കൊണ്ടുപോയത് സുഹൃത്തായ യുവതിയാണ്. ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ഈ യുവതിയാണ് ആവശ്യപ്പെട്ടതെന്നു പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നഗരത്തിലൂടെ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കെയാണ് മൂവരും പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നതായും പെൺകുട്ടി പറഞ്ഞു.

വ്യാഴാഴ്ച അർധരാത്രിയാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായ മൂന്നു യുവാക്കളും.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം നടന്നത്. കൂട്ട ബലാത്സംഗത്തിനിരയാക്കിയശേഷം പെൺകുട്ടിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. അവശനിലയിലായ പെൺകുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രവിപുരത്തെ ബാറില്‍ സുഹൃത്തായ സ്ത്രീയോടൊപ്പമെത്തിയ മോഡല്‍ രാത്രി പത്തോടെ അവിടെ കുഴഞ്ഞുവീണു. തുടര്‍ന്നു യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. യുവതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍നിന്നാണു യുവാക്കള്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണെന്നു പൊലീസ് കണ്ടെത്തിയത്.

എഡിറ്ററുടെ കുറിപ്പ്:

സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi gang rape in car victim response