തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്കു രാത്രിസമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്നതു കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കു സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനും കഴിയുന്ന വിധത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രത വേണമെന്നു സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡി ജെ പാര്‍ട്ടികള്‍ മാറുന്നതു ജാഗ്രതയോടെ കാണണം. ഇത്തരം പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ചുചേര്‍ന്ന് മദ്യപിക്കുകയും അതു തെറ്റായ തലങ്ങളിലേക്കു പോകുകയും ചെയ്യുന്നു. ഇന്നലെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരം ആരോപണങ്ങള്‍ വരുന്നു.
യുവതി അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന സമയത്ത് കൂട്ടബലാത്സംഗത്തിനിരയായി. യുവതി മദ്യപിച്ചിരുന്നുവെന്നാണു വാര്‍ത്ത. മദ്യപിച്ചുവെന്നതുകൊണ്ട് ആക്രമിക്കപ്പെടണമെന്നില്ല. പുരുഷന്മാര്‍ മദ്യപിച്ചാല്‍ ആക്രമിക്കപ്പെടുന്നില്ലല്ലോ?
മദ്യപിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനുമുണ്ട് എന്ന് ന്യായീകരണമുണ്ടാകാം. എന്നാല്‍, മദ്യപാന ആസക്തി നമ്മുടെ സുരക്ഷിതത്വത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലത്തേത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണം. കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനത്തിന്റെ സാന്നിധ്യവും ആവശ്യമാണ്.
നല്ല പരിചയമുള്ള ആളുകള്‍ ആയതുകൊണ്ടായിരിക്കണം യുവതി കാറില്‍ കയറിയത്. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു നടക്കാന്‍ കഴിയുന്നില്ലെന്നതു വളരെ ഗൗരവത്തോടെ കാണണം. പൊലീസ് വളരെ പെട്ടെന്ന് ഇടപെട്ടതില്‍ സന്തോഷമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുകയും വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്ത്രീയെ ഒറ്റയ്ക്കു രാത്രി കണ്ടാല്‍ കേവലം ശരീരമായി കാണുന്ന വീക്ഷണഗതിയാണു കേരളത്തില്‍ പരക്കെയുള്ളത്. കലാരംഗത്തുള്ള സ്ത്രീകള്‍ക്കു സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ സമൂഹത്തിലെ തെറ്റായ വീക്ഷണഗതിയാണ്. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ ലജ്ജിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു.
സ്ത്രീകള്‍ക്കു സുരക്ഷിതത്വത്തോടെ സഞ്ചരിക്കേണ്ട സാഹചര്യത്തിനായി സമൂഹത്തിന്റെ വീക്ഷണം മാറിയേ തീരൂ. പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാവണം. യാത്രാസുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നഗരങ്ങളിലും സി സി ടിവി കാമറകള്‍ ആവശ്യമാണ്. പലയിടങ്ങളിലും സി സി ടിവി. പ്രവര്‍ത്തനയോഗ്യമല്ലെന്നാണു സംഭവങ്ങള്‍ നടന്നുകഴിയുമ്പോള്‍ മനസിലാകുന്നതെന്നും സതീദേവി പറഞ്ഞു.