scorecardresearch
Latest News

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: സജീവ് കൃഷ്ണയെ കൊന്നത് ഒറ്റയ്ക്കെന്ന് അര്‍ഷാദിന്റെ മൊഴി

കാസര്‍ഗോഡ് നിന്ന് കൊച്ചിയിലെത്തിച്ച അര്‍ഷാദിനെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം: സജീവ് കൃഷ്ണയെ കൊന്നത് ഒറ്റയ്ക്കെന്ന് അര്‍ഷാദിന്റെ മൊഴി
പ്രതീകാത്മക ചിത്രം

കൊച്ചി: ഫ്ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഡക്ടിനുള്ളില്‍ ഒളിപ്പിച്ച കേസില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചു. അര്‍ഷാദ് ഒറ്റയ്ക്ക് കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പറഞ്ഞതായി എസിപി പി വി ബേബി വ്യക്തമാക്കി. കാസര്‍ഗോഡ് നിന്ന് കൊച്ചിയിലെത്തിച്ച അര്‍ഷാദിനെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിനിടെ കൃത്യം നടത്തിയതെങ്ങനെയെന്നും പ്രതി വിശദീകരിച്ചു നല്‍കി. ലഹരി മരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്. കൊച്ചിയിലെ ഫ്ലാറ്റില്‍ ലഹരി ഇടപാടുകള്‍ നടക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കേരളം വിടാന്‍ പദ്ധതിയിട്ടിരുന്ന അര്‍ഷാദിനെയും സുഹൃത്തിനെയും കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്നായിരുന്നു പിടികൂടിയത്. പിന്നീട് കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 16 നായിരുന്നു മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയാണ് മരിച്ചത്. ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ഡക്ടിനുള്ളില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സജീവ് ഉള്‍പ്പടെ നാല് പേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ പൊലീസെത്തി ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi flat murder case accused arshad confessed