കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, വാസ്തുവിദ്യാ വാര്‍ഷിക സമ്മേളനമായ കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും. ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ മൂവായിരത്തില്‍പരം ആളുകളാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന ത്രിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നാളെ ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 14 വരെയാണ്.

സര്‍ഗ്ഗശേഷിയിലധിഷ്ഠിതമായി ഡിസൈന്‍ മേഖലയില്‍ സംസ്ഥാനത്തെ രാജ്യത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉച്ചകോടിയില്‍ നൂറു വിദഗ്ധരാണ് വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനെത്തുന്നത്. സമാപനദിനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. വിദേശത്തു നിന്നടക്കമെത്തുന്ന വാസ്തുകല-രൂപകല്‍പ്പന വിദഗ്ധര്‍, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, എന്നിവര്‍ ഉച്ചകോടിയിലെത്തും.

ഡിസൈന്‍ എന്ന പൊതുസങ്കല്‍പ്പത്തിലൂന്നിയ ചര്‍ച്ചകളാണ് രണ്ടാം പതിപ്പില്‍ കൊച്ചി ഡിസൈന്‍ വീക്കിനെ സജീവമാക്കുന്നതെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. പ്രളയ ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് ഉതകുന്ന സുസ്ഥിര മാതൃകകളാണ് ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ആദ്യ പതിപ്പിൽ പ്രധാന ചര്‍ച്ചാ വിഷയമായത്. ഡിസൈന്‍ രംഗത്തെ ഭാവിയെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാനുള്ള അസുലഭ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഡിസൈന്‍ വീക്കിന്‍റെ പ്രതീകമായി ഡിസൈന്‍ ഓട്ടോ റിക്ഷകള്‍ നഗരത്തില്‍

ഡിസൈനിന്‍റെ അനന്ത സാധ്യതകളാണ് കേരളം ഡിസൈന്‍ വീക്കിലൂടെ തിരയുന്നതെന്ന് ഉച്ചകോടി സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വാസ്തുവിദ്യയില്‍ മാത്രം ഡിസൈന്‍ എന്ന ആശയത്തെ ഒതുക്കാതെ എന്തിലും ഏതിലും ഡിസൈന്‍ എന്ന നയമാണ് ഉച്ചകോടി മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോള്‍ഗാട്ടി പാലസിനെ ഉച്ചകോടിയോടനുബന്ധിച്ച് ഡിസൈന്‍ ഐലന്‍റാക്കി മാറ്റും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മേക്കര്‍ ഫെസ്റ്റ്, വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചലഞ്ച്, ഭക്ഷണ വിഭവങ്ങളുടെ ഫുഡ് ഡിസൈന്‍ ഫെസ്റ്റ്, സംഗീത നിശ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ മൂന്നു ദിവസത്തെ ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കും. വര്‍ണാഭമായ ഡിസൈന്‍ നല്‍കിയിട്ടുള്ള ഓട്ടോ റിക്ഷകള്‍, പൊതു ഇടങ്ങളില്‍ ആവശ്യമായ ഇരിപ്പിടങ്ങള്‍, ബസ് ഷെല്‍ട്ടറുകള്‍ തുടങ്ങഇയവയുടെ മാതൃകകളും നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. വാസ്തുകല, അകത്തള രൂപകല്‍പന തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.