കൊച്ചി: വീട് നിര്‍മാണത്തില്‍ വ്യത്യസ്തതയ്ക്കു ശ്രമിക്കുന്നത് അല്‍പ്പം തലവേദന തരുന്ന കാര്യമാണ്. എന്നാല്‍ ടൈലുകളുടെ കാര്യത്തില്‍ സ്വന്തം ഡിസൈനിന് അവസരമൊ രുക്കുകയാണു ‘ഫ്രീ ഹാന്‍ഡ്’ മൊബൈല്‍ ആപ്പ്. കൊച്ചി ഡിസൈന്‍ വീക്കിലാണ് ആപ്പ് അവതരിപ്പിച്ചത്.
ഡിസൈനര്‍ ടൈലുകളുടെ ക്രമീകരണം ലക്ഷ്യമാക്കി ഉപഭോക്താവിന് നല്‍കുന്നതാണു ‘ഫ്രീ ഹാന്‍ഡ്’ ആപ്പ്. ഡിസൈന്‍ വീക്കിന്റെ ഓപ്പണ്‍ ഹൗസ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലനക്കളരിയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ദമ്പതികളായ ലിജോ ജോസും റെനി ലിജോയും ടൈലുകൾ ഒരുക്കി.
ഇടപ്പള്ളിയിലെ ലി സ്റ്റുഡിയോയില്‍ നടന്ന പരിശീലന കളരിയില്‍ പങ്കെടുക്കാന്‍ പ്രമുഖരടക്കം നിരവധി പേരെത്തി. ബ്രഷ് ഉപയോഗിച്ച് കൊണ്ട് വരയ്ക്കുന്ന മാതൃകയിലാണു രണ്ടു നിറങ്ങളില്‍ ടൈലുകള്‍ ഡിസൈന്‍ ചെയ്തതെന്നു ലിജോ ജോസ് പറഞ്ഞു.
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവിധ രീതിയില്‍ ക്രമീകരിച്ച് ഉപഭോക്താവിന് ഇഷ്ടമുള്ള ഡിസൈനിലേക്കെത്താം. സ്വന്തം ഡിസൈന്‍ തന്നെ പരസഹായം കൂടാതെ ക്രമീകരിക്കാമെന്നതാണ് ആപ്പിന്റെ മേന്മയെന്നും ലിജോ പറഞ്ഞു.
ടൈലുകളില്‍ നല്‍കുന്ന ഡിസൈന്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള അവസരം ഉപഭോക്താവിനു നല്‍കുകയാണു നിറ്റ്‌കോ ചെയ്തതെന്നു ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് സുബ്രത ബസു ചൂണ്ടിക്കാട്ടി. ‘ഫ്രീ ഹാന്‍ഡ്’ എന്ന ആപ്പ് ഇതിന്റെ ഭാഗമാണ്. രൂപകല്‍പ്പനയിലെ ഏറ്റവും വലിയ ഈ മേളയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കിയത്.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധര്‍ ഉള്‍പ്പെടെ മൂവായിരത്തിലേറെ ആളുകളാണു പങ്കെടുക്കുന്നത്. ഉച്ചകോടി ശനിയാഴ്ച സമാപിക്കും.