കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴിയുളള അനധികൃത മദ്യക്കടത്ത് തടഞ്ഞ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് വധഭീഷണി. സംഭവത്തിൽ സുമിത് കുമാറിന്റെ പരാതിയിൽ ദേശീയ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അതേസമയം വധഭീഷണിയെ ഭയക്കുന്നില്ലെന്ന് സുമിത് കുമാർ നിലപാട് വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കഴിഞ്ഞ ഡിസംബറിലാണ് കസ്റ്റംസ് റെയ്‌ഡ് നടത്തിയത്. ഇവിടെ നിന്നുളള വിൽപ്പന രേഖകൾ പരിശോധിച്ചതിന് ശേഷം ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു.

എന്നാൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയാണോ വധഭീഷണിക്ക് പിന്നിലെന്ന് സുമിത് കുമാർ പ്രതികരിച്ചില്ല.

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത കുട്ടികളടക്കമുളള 13000 ത്തോളം പേരുടെ പേരിലാണ് വിദേശമദ്യം വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയത്. പിന്നീടിത് പുറത്തേക്ക് കടത്തുകയായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വിമാനത്താവളത്തിന് അകത്ത് നികുതിയിളവോടെയാണ് വിറ്റിരുന്നത്.

വിലയേറിയ ഈ ഉൽപ്പന്നങ്ങൾ പുറംവിപണിയിൽ കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുന്നതായാണ് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായത്.

അതേസമയം ഇന്നലെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് കസ്റ്റംസ് കമ്മിഷണർ ഇതേക്കുറിച്ച് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.