കൊച്ചി: എറണാകുളം ജില്ലയിലും കൊച്ചി നഗരത്തിലും കോവിഡ് ഭീഷണി അതിരൂക്ഷമാകുന്നു. ഉറവിടമറിയാത്ത രോഗിയിൽ നിന്ന് കൂടുതൽ പേർക്ക് രോഗം ബാധിച്ചതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെൺമക്കൾ, വീട്ടുജോലിക്കാരി, ഡ്രൈവർ ഉൾപ്പടെ 6 പേർക്ക് കൂടി രോഗം പകർന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന് 58, ആലുവ നഗരസഭയിലെ ഡിവിഷന് 18, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ജില്ലയിൽ ഉറവിടം അറിയാതെ പതിനേഴ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെയും രോഗകാരണം അവ്യക്തം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 ൽ 17 പേർക്കും സമ്പർക്കും വഴിയാണ് രോഗം പകർന്നത്.
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയിലെ ആലുവയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ആലുവയില്‍ കൂടുതല്‍ സമ്പര്ക്കരോഗികളുണ്ടായാല് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ജാഗ്രതാ നിർദേശം
എറണാകുളം ജില്ലയിൽ ഇന്നലെ 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്. വെണ്ണല സ്വദേശിയിൽ നിന്ന് രോഗം ബാധിച്ചവർക്കു പുറമേ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ഇവർക്കാർക്കും യാത്രാ പശ്ചാത്തലമില്ല.
ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂർക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗത്തിനും 24 വയസ്സുള്ള തേവര സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ജൂൺ 17 ന് മാൾഡോവ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂർ സ്വദേശി, ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി, ജൂലൈ 3 ന് ബാംഗ്ലൂർ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,ജൂൺ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ, ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂർ സ്വദേശിനി,ജൂൺ 22 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി, ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി എന്നിവരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.