കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ അതീവ ജാഗ്രത. സമ്പർക്കത്തിലൂടെ രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് പൊലീസ് തീരുമാനം. ഇന്നു രാവിലെ നഗരത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കലൂരിൽ അതിഥി തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി. സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു.

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി. കടവന്ത്രയിലെ മാർക്കറ്റിലും പൊലീസ് പരിശോധന നടത്തി. അവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. നിലവിൽ സമൂഹവ്യാപനമില്ലെന്നും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നുമാണ് ജില്ലാ കലക്‌ടർ എസ്.സുഹാസ് പറയുന്നത്. എന്നാൽ, ആളുകൾ സാമൂഹിക അകലം ലംഘിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്‌താൽ തിരുവനന്തപുരം നഗരത്തിലെ പോലെ കർശന നടപടികളിലേക്ക് കടക്കേണ്ടിവരും.

Read Also: Triple Lockdown: ട്രിപ്പിൾ ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

അതേസമയം, കോവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ

തിരുവനന്തപുരം നഗരാസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്‌ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് പുലർച്ചെ മുതൽ തന്നെ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. മുക്കിലും മൂലയിലും പൊലീസ് വിന്യസിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ജനങ്ങൾ പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കും. അവശ്യ സേവനങ്ങൾ മാത്രമാകും ലഭ്യമാകുക. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. നഗരസഭയ്‌ക്കുള്ളിൽ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആശുപത്രി സേവനങ്ങൾ ലഭ്യമാകും. മെഡിക്കൽ സ്റ്റോറുകൾ തുറന്നുപ്രവർത്തിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.