തിരുവനന്തപുരം: ചെലവന്നൂർ കായൽ കൈയ്യേറി നടൻ ജയസൂര്യ നിർമ്മിച്ച ബോട്ട് ജെട്ടിയും മതിലും പൊളിച്ചുനീക്കി. കൊച്ചി കോർപ്പറേഷൻ അധികൃതരാണ് ജയസൂര്യയുടെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തത്. അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷൻ ജയസൂര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലിൽ ഹർജി നൽകി. എന്നാൽ ട്രൈബ്യൂണൽ ഹർജി തളളിയതോടെയാണ് കോർപ്പറേഷൻ നിയമ നടപടികളുമായി മുന്നോട്ടു നീങ്ങിയത്.

ചെലവന്നൂർ കായലിലെ മൂന്നേ മുക്കാൽ സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറി ചുറ്റുമതിലും ബോട്ടു ജെട്ടിയും നിർമ്മിച്ചുവെന്നാണ് ജയസൂര്യയ്ക്ക് എതിരായ ആരോപണം. പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യയ്ക്ക് എതിരെ മൂവാറ്റുപുഴ കോടതിയിൽ പരാതി നൽകിയത്.

പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ ജയസൂര്യ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റുകയോ കോർപ്പറേഷൻ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ