കൊച്ചി: ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. മൂന്ന് യുഡിഎഫ് കൗൺസിലർമാർക്ക് പരുക്കേറ്റു. യുഡിഎഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മേയറെ തടയാൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കോർപ്പറേഷന്റെ ഷട്ടര്‍ അടയ്ക്കാനുളള യുഡിഎഫ് ശ്രമം പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊലീസ് സംരക്ഷണത്തിലാണ് മേയര്‍ എം.അനില്‍ കുമാര്‍ കോര്‍പ്പറേഷന്‍ ഓഫിസിനുള്ളിൽ കടന്നത്. മേയറുടെ റൂമിന്റെ പ്രധാന വാതിലിന്റെ ചില്ല് പ്രതിപക്ഷ കൗൺസിലർമാർ അടിച്ചു തകര്‍ത്തു. സംഘർഷത്തെ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാരെ ഉൾപ്പെടുത്താതെ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു.
അതിനിടെ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ബ്രഹ്മപുരം സന്ദര്‍ശിച്ചു. ഒന്നിനോടും പ്രതികരിക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേസ്റ്റെന്ന് സുധാകരൻ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ പോയി മാലിന്യസംസ്‌കരണത്തെക്കുറിച്ച് പഠിച്ച മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തില്‍ നിശബ്ദനാണ്. തീപ്പിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദര്‍ശിക്കാനോ ജനങ്ങളോട് പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.