കൊച്ചി: സൗമിനി ജെയിനിനെ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്ന് നീക്കിയാല്‍ രാജിവയ്ക്കുമെന്ന് വനിതാ കൗണ്‍സിലര്‍മാര്‍. നഗരത്തിലെ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം മേയറുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടുന്നത് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഗുണം ചെയ്യില്ലെന്ന് രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എട്ട് മാസത്തേക്ക് വേണ്ടി മേയറെ മാറ്റുന്നതിനോട് ഇവര്‍ക്കു വിയോജിപ്പുണ്ട്. മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യുഡിഎഫ് അംഗം റോസ് മേരിയും വ്യക്തമാക്കി.

അതേസമയം, കൊച്ചി മേയറോട് നാളെ തിരുവനന്തപുരത്ത് എത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയാണ് തിരുവനന്തപുരത്ത് എത്താൻ പറഞ്ഞിരിക്കുന്നതെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാത്ത കുടുംബത്തെ തിയറ്ററിൽനിന്നു പുറത്താക്കി കന്നഡ നടിയും സംഘവും

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടില്‍ മേയര്‍ സൗമി ജെയിനിനും കോര്‍പറേഷന്‍ ഭരണസമിതിക്കുമെതിരേ നിശിതവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ മേയറെ മാറ്റാൻ ഡിസിസിയിൽ തീരുമാനമെടുത്തിരുന്നു. എറണാകുളം എംപി ഹൈബി ഈഡന്‍ മേയർക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ എറണാകുളത്ത് കോണ്‍ഗ്രസിനു ഭൂരിപക്ഷം കുറയാന്‍ കാരണം കോര്‍പ്പറേഷന്‍ ഭരണം പരാജയപ്പെട്ടതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാൽ, ഹൈബിയുടെ ഭാവമാറ്റം എന്തുദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും സൗമിനി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.