കൊച്ചി: സ്ലാബിട്ട് മൂടാത്ത ഓടയില്‍ വീണ യുവതിയ്ക്ക് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കൊച്ചി കോര്‍പറേഷന്‍. സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ യുവതിക്കു മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്.
എറണാകുളം ജോസ് ജങ്ഷനിലെ ഓടയില്‍ 2017 ജൂലൈ 13നു രാത്രിയാണ് യുവതി വീണത്. ഷോപ്പിങ്ങിനുശേഷം ഭര്‍ത്താവിനൊപ്പം വടുതലയിലെ വീട്ടിലേക്കു മടങ്ങാന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടെ അരിപ്പ റെസ്റ്റോറന്റിനു മുന്നിലെ ഓടയില്‍ വീഴുകയായിരുന്നു.
യുവതിയെ ഭര്‍ത്താവ് രക്ഷിച്ചെങ്കിലും വാനിറ്റി ബാഗും അതിലുണ്ടായിരുന്ന പണവും ഓടയില്‍ ഒഴുകിപ്പോയി. കണ്ണുകള്‍ക്കു നീറ്റലും കണങ്കാലുകള്‍ക്കു വേദനയും അനുഭവപ്പെട്ടു. തൊട്ടടുത്ത ഹോട്ടലില്‍ മുറിയെടുത്ത് പുതിയ വസ്ത്രങ്ങള്‍ വാങ്ങി മാറിയാണ് വീട്ടിലേക്കു മടങ്ങിയത്.
സ്ലാബില്ലാത്തതിനാലാണ് യുവതി ഓടയില്‍ വീണതെന്നും പരാതിക്കാരിയുടെ മനുഷ്യാവകാശം നഗരസഭ ലംഘിച്ചുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. യുവതിയ്ക്ക് ആറാഴ്ചക്കകം നഷ്ടപരിഹാരം അനുവദിച്ച് നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇക്കഴിഞ്ഞ ജൂണ്‍ 24 ന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 11 ന് ചേര്‍ന്ന കോര്‍പഷേന്‍ കൗണ്‍സില്‍ യോഗം തുക അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.