കൊച്ചി: കേരളത്തിൽ വിവിധ ജില്ലകളിലായി പലിശയ്ക്ക് പണം നൽകുകയും കൊളളപ്പലിശ ഈടാക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശി മഹാരാജ മഹാദേവനെ പൊലീസ് കൊച്ചിയിലെത്തിച്ചു. ഇന്നലെ ചെന്നൈയിൽ ഇയാൾ താമസിക്കുന്ന ചേരിയിലെ വീട്ടിൽ നിന്നുമാണ് അതിസാഹസികമായി കേരള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

കേരളത്തിലെ വൻകിട വ്യവസായികൾക്കടക്കം ഉയർന്ന പലിശയ്ക്ക് പണം കടം നൽകുന്ന ആളാണ് മഹാരാജ മഹാദേവൻ. ഇയാൾക്ക് ചുരുങ്ങിയത് 500 കോടിയുടെ ആസ്‌തിയുണ്ടെന്നാണ് കണക്ക്. കേരളത്തിൽ മാത്രം മഹാരാജ മഹാദേവൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കണക്ക് പ്രകാരമാണിത്.

എറണാകുളം ഫോർട്ടുകൊച്ചി സ്വദേശിഫിലിപ് ജേക്കബിന്റെ പരാതിയിലാണ് മഹാരാജ മഹാദേവനെതിരെ പൊലീസ് കേസെടുത്തത്. മഹാരാജ മഹാദേവനിൽ നിന്നും ഫിലിപ്പ് ജേക്കബ് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് മുതലും പലിശയുമടക്കം തിരികെ നൽകിയിട്ടും മഹാരാജ മഹാദേവന്റെ ഗുണ്ടകൾ തന്നെയും കുടുംബത്തെയും ദ്രോഹിക്കുകയാണെന്നായിരുന്നു പരാതി.

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കേസന്വേഷിച്ച പൊലീസ് സംഘം ഇയാളുടെ അനുയായികളായ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് മഹാരാജയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.  മഹാരാജ തമിഴ്‌നാട്ടിൽ തന്റെ വീട്ടിൽ തന്നെയാണ് താമസിച്ച് വന്നത്.

ചെന്നൈ നടേശൻ നഗർ ഫസ്റ്റ് സ്ട്രീറ്റിലെ വീട്ടിൽ താമസിച്ച് പോന്നിരുന്ന ഇയാളെ തേടി ഒരു മാസം മുൻപ് കേരള പൊലീസ് സംഘം പോയിരുന്നു. മഹാരാജനെ പിടികൂടി തിരികെ റോഡ് മാർഗം കേരളത്തിലേക്ക് വന്ന സംഘത്തെ കോയമ്പത്തൂരിൽ വച്ച് ഇയാളുടെ അനുയായികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. പിന്നീട് പൊലീസിനെ ബലമായി കീഴ്‌പ്പെടുത്തിയ ശേഷമാണ് മഹാരാജനെ ഇവർ രക്ഷിച്ചത്.

ഇക്കുറിയും ഈ സ്ഥലത്തേക്ക് എത്തിയ പൊലീസ് സംഘം വീടിന് സമീപത്ത് വച്ചാണ് മഹാരാജയെ അറസ്റ്റ് ചെയ്തത്. ഈ സമയത്ത് പൊലീസിനെ തടയാൻ ശ്രമിച്ച 30 ഓളം വരുന്ന അനുയായികളെ അകറ്റാൻ പൊലീസ് സംഘം ആകാശത്തേക്ക് വെടിയുതിർത്തു. വിമാനമാർഗ്ഗമാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.