കൊച്ചി: മുനമ്പത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്ക് കടൽ മാർഗം പോയത് 15 കുടുംബങ്ങളാണെന്ന് വ്യക്തമായി. ഇവർ ശ്രീലങ്കൻ അഭയാർത്ഥികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിൽ 41 പേർ ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ച ബാഗുകളിലൊന്നിൽ നിന്ന് രണ്ട് സ്വർണ്ണവളകളും കോസ്റ്റൽ പൊലീസ് സംഘത്തിന് ലഭിച്ചു.
സംഘം ചെറായിയിൽ നിന്ന് 12000 ലിറ്റർ ഇന്ധനം നിറച്ചതായാണ് ലഭിക്കുന്ന വിവരം. ഇതിന് പത്ത് ലക്ഷം രൂപ മുടക്കിയതായി കോസ്റ്റൽ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കുടിവെളളം സംഭരിക്കുന്നതിനായി അഞ്ച് വലിയ ടാങ്കുകൾ ഇവർ ശേഖരിച്ചു. സംഘത്തിൽ നാല് ഗർഭിണികളും നവജാത ശിശുവും സ്ത്രീകളും ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.
എറണാകുളം ജില്ലയുടെ തീരപ്രദേശത്ത് രണ്ടിടത്തായി 17 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 12 ബാഗുകൾ കണ്ടെതത്തിയത്. ശേഷിച്ച അഞ്ച് ബാഗുകളും രണ്ട് സഞ്ചികളും ചെറായിയിലെ കടൽത്തീരത്തായിരുന്നു. കൊച്ചി കോസ്റ്റൽ പൊലീസ് സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ട്. ഡൽഹിയിൽ നിന്നെത്തിയവരാണ് ഓസ്ട്രേലിയയിലേക്ക് കടന്നതെന്നാണ് സംശയം. ഇവർ, ചെറായി ബീച്ചിലെ ആറ് ഹോം സ്റ്റേകളിൽ ഒരാഴ്ചയോളം താമസിച്ചിരുന്നു.
ജനുവരി അഞ്ചിനാണ് ഇവർ ചെറായിയിൽ എത്തിയത്. ചെറായി ബീച്ചിൽ ലോഡ്ജുകളും ഹോം സ്റ്റേകളുമായി ആറിടത്തായാണ് 41 പേരും താമസിച്ചത്. ജനുവരി 12 ന് പുലർച്ചെയാണ് ഇവർ താമസം മതിയാക്കി പോയത്. ന്യൂഡൽഹിയിൽ നിന്ന് അനുവദിച്ച ഇന്ത്യൻ പാസ്പോർട്ടാണ് താമസത്തിന് വേണ്ടി ഹാജരാക്കിയത്. ചിലർ ആധാർ കാർഡും ഹാജരാക്കി. ഇവയെല്ലാം വ്യാജമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഹോം സ്റ്റേകളുടെയും ലോഡ്ജുകളുടെയും രജിസ്റ്റർ പരിശോധിച്ചാണ് പൊലീസ് സംഘം 41 പേർ കടൽ കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ എത്തിയത്. വടക്കേക്കരയിൽ നിന്ന് ലഭിച്ച ഒരു ബാഗിൽ നിസാമുദ്ദീനിൽ നിന്ന് ചെന്നൈയിലേക്കുളള ട്രെയിൻ ടിക്കറ്റ് കണ്ടെത്തി. കൊച്ചിയിലേക്ക് നേരിട്ടെത്താൻ ട്രെയിനുകൾ ലഭ്യമാണെന്നിരിക്കെ ചെന്നൈ വഴി വന്നത് ഇവർ ശ്രീലങ്കൻ അഭയാർത്ഥികളാകാം എന്ന സംശയത്തിലാണ് പൊലീസ്. ചെന്നൈയിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിരിക്കാമെന്നും പൊലീസിന് സംശയം ഉണ്ട്.