കൊച്ചി: സിനിമാ മേഖലയിലെ താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം തടയാൻ കൂടുതൽ നടപടികളുമായി പൊലീസ്. ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ പൊലീസിന് അറിയാം. ഇവരുടെ കൈവശം ലഹരി മരുന്നുള്ള സമയത്തോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാൻ കഴിയൂ. ഇവർക്ക് സഹായികളാണ് ലഹരി മരുന്ന് എത്തിച്ച് കൊടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിക്കുന്ന താരങ്ങളുടെ പിന്നാലെ പൊലീസുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഇവരെ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംശയമുള്ള ആളുകളെ ചോദ്യം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ സെറ്റുകളിലെ ലഹരി മരുന്ന് ഉപയോഗം കുറഞ്ഞിട്ടുണ്ട്. ലഹരി മരുന്ന് എവിടെവച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ, സിനിമാ സെറ്റിൽ പരിശോധന നടത്താൻ പൊലീസിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സെറ്റുകളിലെ പൊലീസ് പരിശോധനയെ നിർമ്മാതാവ് സുരേഷ് കുമാർ നേരത്തെ സ്വാഗതം ചെയ്തിരുന്നു. പൊലീസിന്റെ പക്കല്‍ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരൊക്കെ ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്‌നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടിനി ടോം, ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം പരാമർശിച്ചത്.
”ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി,” ടിനി ടോം പറഞ്ഞു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി ടോം പറഞ്ഞിരുന്നു.
മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന മുഴുവന്‍ നടന്‍മാരുടെയും ലിസ്റ്റ് താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്നായിരുന്നു ഭരണസമിതിയംഗം ബാബുരാജിന്റെ വെളിപ്പെടുത്തല്‍.