കൊച്ചി: കേരളം നേരിട്ട പ്രളയത്തെ തുടർന്ന് ദിവസങ്ങളോളം പ്രവർത്തനം നിലച്ചിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ച് നാലാം ദിവസം വൻ കൊക്കെയ്ൻ വേട്ട. ബ്രസീലിൽ നിന്ന് വെനസ്വേല പൗരൻ കടത്തിക്കൊണ്ടുവന്ന 2.7 കിലോഗ്രാം വരുന്ന കൊക്കെയ്ൻ ആണ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത്.
ഏതാണ്ട് 17 കോടിയിലധികം രൂപ വിലമതിക്കുന്നതാണ് ഈ കൊക്കെയ്ൻ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്ന വെനസ്വേല പൗരനെ കൈയ്യോടെ പിടികൂടിയത്.
ബ്രസീൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന ബാഗിലാണ് കൊക്കെയ്ൻ ഒളിച്ചുകടത്തിയത്.
പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് വാങ്ങി, കൂടുതൽ ചോദ്യം ചെയ്യും.
ഇന്ന് പിടിയിലായ വെനസ്വേലൻ പൗരൻ ഉൾപ്പെട്ട മയക്കുമരുന്ന് സംഘാംഗമാണ് ജനുവരിയിൽ കൊച്ചിയിൽ പിടിയിലായ വനിത. ഇവരുടെ പക്കൽ നിന്നും 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് അന്ന് പിടികൂടിയത്.