കൊച്ചി: പാലാരിവട്ടത്തെ ഡേ കെയറിൽ കുരുന്നുകളെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. രക്ഷിതാക്കൾ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പാലാരിവട്ടം പൊലീസെത്തി സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലാരിവട്ടത്ത് കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. കുട്ടിയെ ആറ് മാസമായി ഡേ കെയർ നടത്തിപ്പുകാരിയും ഉടമയുമായ മിനി കുട്ടിയെ മർദ്ദിക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.

Read More: ഡേ കെയർ ജീവനക്കാരിയുടെ അനാസ്ഥ; 9 മാസം പ്രായമുളള കുട്ടിക്ക് കൈവിരൽ നഷ്ടമായി

കുട്ടി ഡേ കെയറിൽ പോകാൻ മടിക്കുന്നത് കൊണ്ട് നിർബന്ധിച്ചാണ് അയച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മാറ്റം കാണാതിരുന്നതിനെ തുടർന്നാണ് അന്വേഷിച്ചു.

(വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

ഇവിടത്തെ ജീവനക്കാരിയാണ് കുട്ടികളെ മിനി മർദ്ദിക്കുന്ന കാര്യം രക്ഷിതാക്കളെ അറിയിച്ചത്. മിക്ക ദിവസങ്ങളിലും കുട്ടികളുടെ ശരീരത്തിൽ പാടുകൾ കാണാറുണ്ടെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ മറിഞ്ഞു വീണതാണെന്നാണ് മിനി പറഞ്ഞതെന്നും അമ്മമാർ പൊലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്.

ഡേ കെയറിലെ ജീവനക്കാരിയുടെ സഹായത്തോടെ ഇവിടെ കാമറ ഒളിച്ചു വയ്ക്കുകയായിരുന്നു. ഇതിലാണ് കുട്ടികളെ മർദ്ദിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്.

ഇവർ സ്ഥിരമായി കുട്ടികളെ അടിക്കാറുണ്ടെന്നാണ് ജീവനക്കാരിയുടെ മൊഴി. പാടുകൾ വെള്ളമുപയോഗിച്ച് തുടച്ച് മായ്ക്കാൻ ആവശ്യപ്പെടാറുണ്ടെന്നും ഇവർ പറഞ്ഞു. മേയർ സൗമിനി ജയിൻ ഈ ഡേ കെയറിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ