/indian-express-malayalam/media/media_files/uploads/2018/04/kaloor-metro.jpg)
കൊച്ചി: കലൂരിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. കെട്ടിടം തകർന്നുവീഴാൻ ഇടയായതിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താനാണ് അന്വേഷണം. അതേസമയം അപകടം സംഭവിച്ച സ്ഥലത്ത് വെളളം കെട്ടിക്കിടക്കുന്നതിനാൽ കൂടുതൽ അപകടം ഉണ്ടായേക്കാനുളള സാധ്യതയുമുണ്ട്.
അപകടത്തെ തുടർന്ന് ബാനർജി റോഡിൽ കലൂരിനും മണപ്പാട്ടിപ്പറമ്പിനുമിടയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. മെട്രോ സർവ്വീസ് അനിശ്ചിതകാലത്തേക്ക് ആലുവ-പാലാരിവട്ടം റൂട്ടിൽ മാത്രമേ സർവ്വീസ് നടത്തൂ. മെട്രോയുടെ 599, 600 പില്ലറുകളിൽ നിന്ന് നാല് മീറ്റർ മാത്രം അകലെയാണ് മണ്ണിടിഞ്ഞിരിക്കുന്നത്. റോഡരികിലും പില്ലറുകളുടെ ഇടയിലുളള സ്ഥലത്തും ചെറിയ വിളളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ റോഡും തകർന്നിട്ടുണ്ട്. റോഡിൽ പലയിടത്തും ടൈലുകൾ ഉയർന്നും താഴ്‌ന്നുമാണ് കിടക്കുന്നത്.
പില്ലറുകളുടെ ഉറപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ മെട്രോ ഗതാഗതം പുനഃസ്ഥാപിക്കൂ. തകർന്ന റോഡുകൾ ശരിയാക്കാതെ ഇതുവഴിയുളള റോഡ് ഗതാഗതവും ദുഷ്‌കരമാകും.
ഇന്നലെ രാത്രിയാണ് കൊച്ചിയിൽ കലൂർ സ്റ്റാന്റിന് സമീപത്ത് പോത്തീസിന്റെ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം മണ്ണിലേക്ക് താഴ്ന്നത്. രണ്ട് നില പണി പൂർത്തിയായ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണം നടന്നുവരികയായിരുന്നു. മണ്ണിന് താങ്ങാനാവുന്നതിലുമേറെ ഭാരം വന്നതാവാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
ഒരു പഞ്ചനക്ഷത്ര ഹോട്ടലും ബഹുനില ആശുപത്രി കെട്ടിടവും വ്യാപാര സമുച്ചയങ്ങളും അടക്കം നിരവധി ബഹുനില കെട്ടിടങ്ങളാണ് അപകടം സംഭവിച്ച സ്ഥലത്തോട് ചേർന്ന് നിൽക്കുന്നത്. ഇതിൽ ഒരു കെട്ടിടത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. അപകടം സംഭവിച്ച സ്ഥലത്ത് വെളളം കെട്ടിനിന്നാൽ ഈ കെട്ടിടവും നിലംപതിച്ചേക്കുമെന്ന ഭീതിയിലാണുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.