കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷനും. തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ലേലം ചെയ്തുകൊണ്ടാകും കൊച്ചി ബിനാലെ ഫൗണ്ടേഷന് നവകേരള നിർമ്മാണത്തിന് പണം കണ്ടെത്തുക.
വിദേശികളും സ്വദേശികളുമായ നാല്പതില്പരം കലാകാരന്മാരുടെ പെയിന്റിംഗുകള്‍, ശില്പങ്ങള്, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയാണ് ലേലത്തിന് വയ്ക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെ നാലാം എഡിഷനിൽ ജനുവരി 18 നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ആര്‍ട്ട് റൈസസ് ഫോര്‍ കേരള (എആര്‍കെ) എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്.
ദയാനിത സിംഗ്, സുബോധ് ഗുപ്ത, അനീഷ് കപൂര്‍ തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിനുണ്ടാകും.
ലേലത്തില്‍ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍നിന്ന് കരകയറാന്‍ കേരളത്തെ സഹായിക്കുന്നതിനുവേണ്ടി രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മരുടെ സമൂഹം തയ്യാറാവുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തം നേരിടുന്ന സമയത്ത് സംസ്ഥാനത്തിനൊപ്പം കലാസമൂഹം അടിയുറച്ചു നില്‍ക്കുന്നതിന്റെ തെളിവാണിതെന്നും കൊച്ചി ബിനാലെയുടെ സ്ഥാപകാംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം നടക്കുന്നത്.