കൊച്ചി: പ്രളയദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന് സമാഹരിച്ച മൂന്ന് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി സുനില്‍, ട്രസ്റ്റി ബോണി തോമസ് എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിഹിതനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് തുക നല്‍കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള 40 ല്‍പരം കലാകാരൻമാർ തങ്ങളുടെ സൃഷ്ടികള്‍ ലേലത്തിനായി ബിനാലെ ഫൗണ്ടേഷന് കൈമാറിയിരുന്നു. ആര്‍ട്ട് റൈസസ് ഫോര്‍ കേരള എന്നു പേരിട്ട ഈ ഉദ്യമം മുംബൈയിലെ പ്രമുഖ ലേല സ്ഥാപനമായ സാഫ്രണ്‍ ആര്‍ട്ടുമായി സഹകരിച്ചാണ് നടത്തിയത്.
കലാകാരൻമാരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉയര്‍ന്ന ദൃഷ്ടാന്തമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കലാകാരൻമാർക്ക് സഹജീവികളോടുള്ള കരുതലാണിത് കാണിക്കുന്നത്. കലാകാരൻമാർ ദന്തഗോപുരവാസികളല്ല മറിച്ച് മണ്ണില്‍ കാലുറച്ച് നില്‍ക്കുന്നവരും സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി കാണുന്നവരാണെന്നും തെളിയിച്ചു. റിബില്‍ഡ് കേരള എന്ന പുനര്‍നിര്‍മ്മാണ ദൗത്യത്തിനും എല്ലാ കലാ-സാംസ്കാരിക പ്രവര്‍ത്തകരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം മുഹമ്മദ് ഷേഖ്, അനിഷ് കപൂര്‍, ദയാനിത സിംഗ്, ഫ്രാന്‍സെസ്കോ, അഞ്ജു ദോഡിയ, കെ.എം മധുസൂദനന് തുടങ്ങിയ പ്രഗത്ഭ കലാകാരൻമാരാണ് സൃഷ്ടികള്‍ നല്‍കിയത്. എളിയ തുകയാണ് നല്കുന്നതെങ്കിലും കേരളത്തിന്റെ പ്രളയ ദുരിതം മറികടക്കാനുള്ള പരിശ്രമത്തില്‍ കലാകാരൻമാരുടെ കൈത്താങ്ങാണ് ഇതെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെ നാലാം ലക്കം നടക്കുന്ന സമയത്ത് കൊച്ചിയിലാണ് കലാസൃഷ്ടികളുടെ ലേലം നടത്തിയത്. ലേലത്തിനു മുന്നോടിയായി പൊതു ജനങ്ങള്‍ക്കായി സൃഷ്ടികളുടെ പ്രദര്‍ശനം ഒരുക്കിയിരുന്നു.