കൊച്ചി: ഏറെ കൗതുകവും ആവേശവും നിറഞ്ഞ ഒരു കളിയ്ക്ക് വേദിയാവാനൊരുങ്ങുകയാണ് നമ്മുടെ കൊച്ചി. കേള്‍ക്കുമ്പോള്‍ ഒരു കുട്ടിക്കളി പോലെ തോന്നുമെങ്കിലും ഫുട്ബോളിന്റെ അതേ ആവേശം നൽകുന്നതാണ് ബബിള്‍ സോക്കര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ കളി. ഗ്രൗണ്ടില്‍ വാശിയും വീറും കാണിക്കുക എന്നതോടൊപ്പം ഇത് ലക്ഷ്യം വയ്ക്കുന്നത് രസകരമായ കാഴ്ചാനുഭവം കൂടിയാണ്.
ഫുട്ബോളില്‍ നിന്നും ചെറിയൊരു വ്യത്യാസമേ ബബിള്‍ സോക്കറിനുള്ളൂ. കളിക്കാര്‍ എല്ലാവരും ഒരു ബലൂണിണിന്റെ അകത്തായിരിക്കും എന്ന് മാത്രം ! തമാശ എന്ന് ആദ്യം തോന്നിക്കുമെങ്കിലും ‘സോര്‍ബ’ എന്ന ബോളിന്റെ അകത്ത് നിന്നുകൊണ്ട് കളിക്കുന്ന ഫുട്ബോള്‍ ഏറെ ആവേശകരമാണ്. കൂറ്റന്‍ ബലൂണുകള്‍ ധരിച്ചുകൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും കളിക്കുന്ന ഈ ഫുട്ബോള്‍ കളി കൊച്ചിക്കാര്‍ക്ക് നല്ലൊരു കാഴ്ചയാകും എന്നാണ് സംഘാടകരും വിശ്വസിക്കുന്നത്.
ഇന്ത്യയില്‍തന്നെ ഇതാദ്യമായാണ് ബബിള്‍ സോക്കര്‍ ലീഗ് സംഘടിപ്പിക്കപ്പെടുന്നത്. നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാകും മൽസരം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചു മിനിറ്റില്‍ ഹാഫ്-ടൈമും ഉണ്ടാകും. കളിക്കാര്‍ കൂറ്റന്‍ സോര്‍ബ് ബോളുകള്‍ ധരിക്കുന്ന മൽസരത്തിലെ നിയമങ്ങള്‍ ഫുട്ബോളിന് സമാനം തന്നെ. ഗോള്‍ നേടാന്‍ ജയിക്കാന്‍ വേണ്ടി എല്ലാവരും ശ്രമിക്കുമ്പോള്‍ താരങ്ങള്‍ പരസ്പരം ഇടിച്ചും, ഉരുണ്ടും, മറിഞ്ഞും, പരസ്പരം തട്ടി വീഴുന്ന കാഴ്ച വിനോദത്തിനും വഴിയൊരുക്കും.
കോർപറേറ്റ് ടീമുകള്‍, സ്കൂള്‍-കോളേജ് ടീമുകള്‍, പ്രൊഫെഷണല്‍ ക്ലബുകള്‍, വനിതകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ടീമുകളെ തരം തിരിച്ചാണ് മൽസരങ്ങള്‍ നടക്കുന്നത്. പ്രിലിമിനറി മൽസരങ്ങള്‍ക്ക് മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായാണ് സഹസംഘാടകനും പ്ലിങ് ഫുഡ്സ് സ്ഥാപകനുമായ ആന്‍ഡ്രീന്‍ മെന്‍ഡസ് പറഞ്ഞത്. കളിയുടെ രസത്തിനു വേണ്ടിയും, വിവിധ സമ്മാനങ്ങള്‍ക്കു വേണ്ടിയുമാകും മൽസരമെന്ന് പറഞ്ഞ അദ്ദേഹം പങ്കെടുക്കാന്‍ താൽപര്യമുള്ളവരെ ചെയ്യുന്നുവെന്നും അറിയിച്ചു.
മെയ് 19നാണ് ബബിള്‍ സോക്കര്‍ ലീഗ് ആരംഭിക്കുന്നത്. പ്ലിങ് ഫുഡ്സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന് കമ്യൂണിറ്റി ഇവന്റ്സും സംയുക്തമായാകും മൽസരങ്ങള്‍ സംഘടിപ്പിക്കുക. ആദ്യ റൗണ്ട് പ്രിലിമിനറി മൽസരങ്ങള്‍ മെയ് 19ന് കടവന്ത്ര സെസ്റ്റോ ഫുട്ബോള്‍ ടര്‍ഫില്‍ നടക്കും. അതിനു ശേഷം നടക്കുന്ന ഫൈനല്‍ മൽസരങ്ങള്‍ അരങ്ങേറുക മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ വച്ചാണ്. മേയ് 26 നാണ് ഫൈനല്‍ മൽസരങ്ങള്‍ നടക്കുക.
താൽപര്യമുള്ളവര് റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബബ്ള് സോക്കര്‍ ലീഗ് ഔദ്യോഗിക വെബ്സൈറ്റായ http://www.bubblesoccerleague.in സന്ദർശിക്കുക.