കൊച്ചി: കൊച്ചിയിൽ ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പുണ്ടായ സംഭവത്തിൽ കടയുടെ ഉടമയായ നടി ലീന മരിയാ പോൾ ഇന്ന് പൊലീസിൽ മൊഴി നൽകാനെത്തും. ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അക്രമികൾ ഉപേക്ഷിച്ച് പോയ കടലാസിൽ “രവി പൂജാരി” എന്ന് എഴുതിയിട്ടുണ്ടായിരുന്നു. 25 കോടി ആവശ്യപ്പെട്ട് തന്നെ രവി പൂജാരിയുടെ ആളുകൾ തുടർച്ചയായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പണം നൽകാത്തതിനാലാവും ആക്രമണം എന്നുമാണ് ലീന മരിയയുടെ വിശദീകരണം. ഇന്റർനെറ്റിലൂടെയാണ് ഭീഷണി കോളുകൾ വന്നത്. ഇതേ തുടർന്ന് സ്വകാര്യ സുരക്ഷ ഗാർഡുമാരുമായാണ് ലീന സഞ്ചരിച്ചിരുന്നത്. ലീനയുടെ പരാതി പൊലീസ് വിശദമായി പരിശോധിക്കും.
അധോലോക നായകനായ രവി പൂജാരിയുടെ പേര് മറ്റാരെങ്കിലും ഉപയോഗിക്കുകയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വെടിവയ്പ് ഭയപ്പെടുത്താൻ മാത്രം ലക്ഷ്യമിട്ടുളളതാണെന്നാണ് പൊലീസിന്റെ നിഗമനം. ഏറെക്കാലമായി ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് രവി പൂജാരി താമസിക്കുന്നതെന്നാണ് വിവരം. രാജ്യാന്തര തലത്തിൽ തന്നെ വലിയ അധോലോക സംഘം ഇയാൾക്ക് കീഴിലുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ലീനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് നടപടികൾ തീരുമാനിക്കുമെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.