കൊച്ചി: നഗരത്തെ വിറപ്പിച്ച ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ അക്രമികൾ ഉപയോഗിച്ചത് എയർ പിസ്റ്റളാണെന്ന് തിരിച്ചറിഞ്ഞു. 0.22 കാലിബർ പെല്ലറ്റാണ് ഉപയോഗിച്ചതെന്ന് ശനിയാഴ്ച രാത്രി വൈകി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്തിയത്. ആക്രമണത്തിന് ഉപയോഗിച്ചത് ശബ്ദം മാത്രം പുറത്തുവരുന്ന ബ്ലാങ്ക് ഗൺ വിഭാഗത്തിലുളള കൈത്തോക്കുകളാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്. ആക്രമണം ഉണ്ടായ സ്ഥലത്ത് ശക്തമായ തിരച്ചിൽ നടത്തിയിട്ടും വെടിയുണ്ട കണ്ടെത്താത്ത സാഹചര്യത്തിലായിരുന്നു ഇത്.
അതേസമയം, അതിസൂക്ഷ്മ പരിശോധനയിലൂടെ ചുവരിൽ കോണിപ്പടിയുടെ അവസാന ഭാഗത്തായി ചെറിയ പോറൽ കണ്ടെത്തി. ഇതോടെയാണ് വെടിയുണ്ട എയർ പിസ്റ്റളുകളിൽ ഉപയോഗിക്കുന്ന 0.22 കാലിബർ പെല്ലറ്റാണെന്ന് തിരിച്ചറിഞ്ഞത്.
Read More: കൊച്ചിയിലെ വെടിവയ്പ്പ്; ധർമ്മജന്റെ മത്സ്യക്കടയ്ക്ക് അരലക്ഷം നഷ്ടം
പൊതുവിപണിയിൽ ലഭ്യമാകുന്നതാണ് ഈ വെടിയുണ്ട. “0.22 കാലിബർ പെല്ലറ്റിന് നിസാര വിലയേ ഉളളൂ. 100 എണ്ണത്തിന് 30 രൂപയ്ക്കുളളത് മുതൽ 50 രൂപയ്ക്ക് ഉളളത് വരെയുണ്ട്,” നഗരത്തിലെ പ്രമുഖ തോക്ക് വിപണന കേന്ദ്രമായ കൊച്ചിൻ ആർമറിയിലെ ജീവനക്കാരൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൈത്തോക്കാണ് ഉപയോഗിച്ചത്. പക്ഷെ ഇത്തരം തോക്കുകൾ കൊച്ചിയിൽ വിൽക്കുന്നില്ലെന്നാണ് കൊച്ചിൻ ആർമറിയിലെ ജീവനക്കാരൻ ഉറപ്പിച്ച് പറഞ്ഞത്.
“പ്രധാനമായും സ്പോർട്സ് തോക്കുകളാണ് ഇവിടെ വിൽക്കുന്നത്. എയർ പിസ്റ്റളുകൾക്ക് ഉന്നം കുറവാണ്. പിസ്റ്റളുകൾ ഉപയോഗിച്ച് വെടിവയ്ക്കുമ്പോൾ ലക്ഷ്യസ്ഥാനത്ത് കൊളളില്ല. അതിനാൽ തന്നെ ഈ തോക്കുകൾക്ക് ആവശ്യക്കാരും കുറവാണ്. 2016 ൽ തന്നെ ഞങ്ങളിതിന്റെ വിൽപ്പന നിർത്തിയതാണ്,” അദ്ദേഹം പറഞ്ഞു.
Read More: കൊച്ചിയിലെ ഉണ്ടയില്ലാ വെടി: ഉപയോഗിച്ചത് ബ്ലാങ്ക് ഗൺ എന്ന് സംശയം
അതേസമയം, ഷൂട്ടേഴ്സ് ക്ലബുകളിലും മറ്റും ഈ ഇനത്തിൽ പെട്ട തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായി. ഇതോടെ ആക്രമണം ഭയപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുളളതാണെന്ന് പൊലീസിന് വ്യക്തമായി.
ബ്യൂട്ടി പാർലർ ഉടമയായ നടി ലീന മരിയ പോൾ ഇന്ന് കൊച്ചിയിലെത്തി അന്വേഷണ സംഘത്തിന് മൊഴി നൽകും. സ്വകാര്യ സുരക്ഷാ ഗാർഡുമാർക്കൊപ്പമാണ് ലീന ഇപ്പോൾ സഞ്ചരിക്കുന്നത്. 25 കോടി ആവശ്യപ്പെട്ട് അധോലോക രാജാവ് രവി പൂജാരിയിൽ നിന്ന് ഇവർക്ക് ഭീഷണിയുണ്ടെന്നാണ് അവർ പരാതിപ്പെട്ടിരിക്കുന്നത്. വെടിയുതിർത്ത അക്രമികൾ രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് പോയിരുന്നു.
മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിൽ ലീന മരിയ പോൾ പ്രതിയായിരുന്നു. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ലീനയുടെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.