കൊച്ചി: ബ്യൂട്ടിപാർലര്‍ വെടിവയ്പ് കേസില്‍ പാര്‍ലർ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണ സംഘം നടിയോട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിന് ശേഷവും തനിക്കും തന്‍റെ അഭിഭാഷകനും രവി പൂജാരിയുടെ കോൾ പല തവണ വന്നുവെന്നും ഇപ്പോൾ കോൾ എടുക്കാറില്ലെന്നും ലീന മരിയ പോൾ പൊലീസിനോട് പറഞ്ഞു. ആർക്കു വേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അയാളുമായി മുൻ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് ലീന മരിയ പോളിന്‍റെ മൊഴി.

പൊലീസ് ക്രൈംബ്രാഞ്ച് സംയുക്തസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടി ലീന മരിയ പോള്‍ രണ്ടാം വട്ടവും മൊഴി നല്‍കാനെത്തിയത്. ഇപ്പോഴും ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനായകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഡിസംബർ 15നായിരുന്നു നടി ലീന മരിയ പോളിന്‍റെ കൊച്ചി, പനമ്പളളി നഗറിലെ ബ്യൂട്ടി പാലർറിന് നേരെ അജ്ഞാതർ ബൈക്കിലെത്തി വെടിയുതിർത്തത്. ആക്രമണം നടത്തിയ രണ്ടംഗസംഘത്തെ പിടികൂടാൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിർത്തതെന്നാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook