കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡി(എടിഎസ്)ന്റെ നെടുമ്പാശേരിലെ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന കനത്ത സുരക്ഷയിലാണ് എടിഎസ് ഓഫീസും പരിസരവും.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന രവി പൂജാരിയെ ഇന്നലെ വൈകിട്ട് എട്ടോടെയാണു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 16 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കൊച്ചിയിലെത്തിക്കാന്‍ സുരക്ഷാ വ്യൂഹം തീര്‍ത്തത്. പൂജാരിയെ എടിഎസിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ താമസിപ്പിച്ചത്.
ഈ മാസം എട്ടാംതീയതി വരയാണ് പൂജാരിരെ കസ്റ്റഡിയില്‍ ലഭിച്ചത്. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അന്വേഷണസംഘം രവി പൂജാരിയെ വെടിവയ്പ് നടന്ന പനമ്പള്ളി നഗറിലെ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
പനമ്പള്ളി നഗറിലെ, നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ 2018 ഡിസംബര്‍ 15ന് ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു വെടിവയ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തതെങ്കിലും ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സംഭവസമയത്ത് ലീന മരിയ പോള്‍ ബ്യൂട്ടി പാര്ലറിലുണ്ടായിരുന്നില്ല. വെടിയുതിര്‍ത്ത ശേഷം തങ്ങള്‍ രവി പൂജാരിയുടെ ആളുകളാണെന്നു സൂചിപ്പിക്കുന്ന, ഹിന്ദിയില്‍ എഴുതിയ കടലാസ് ഉപേക്ഷിച്ചശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തു.
സംഭവത്തിനു മുന്‍പ് രണ്ടു തവണ രവി പൂജാരിയുടെ പേരില്‍ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി നടി പൊലീസിനോട് പറഞ്ഞിരുന്നു. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പണം നല്കാന് തയാറാകാതിരുന്ന നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് വെടിവയ്പുണ്ടായത്.
സംഭവത്തിനുശേഷവും തനിക്കും അഭിഭാഷകനും രവി പൂജാരിയുടെ ഫോണ്‍ കോള്‍ പല തവണ വന്നുവെന്നു ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പൂജാരിയുമായി മുന്‍ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നുമാണ് നടിയുടെ മൊഴി. മുന്‍പ് ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണു ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന മരിയ പോള്‍.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂജാരിയാണ് ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. പൂജാരി ഒരു വാര്‍ത്താ ചാനലിലേക്കു വിളിച്ച് പനമ്പള്ളിനഗറിലെ വെടിവയ്പില്‍ തന്റെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ശബ്ദസാംപിള്‍ ശേഖരിച്ച അന്വേഷണ സംഘം രവി പൂജാരിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് രണ്ടും ഒരാളുടേതാണോയെന്ന് ഉറപ്പാക്കും.
രവി പൂജാരി പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായതിനു പിന്നാലെയാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതിചേര്‍ത്തത്. പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിനിടെ, പത്തു വര്‍ഷം മുമ്പ് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലും പൂജാരിയില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുണ്ട്. തട്ടിയെടുത്ത രണ്ടരക്കോടിയില്‍ രണ്ടു കോടിയും കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി രവി പൂജാരി നേരത്തെ ആരോപിച്ചിരുന്നു.
രവി പൂജാരിയെ 2019 ഓഗസ്റ്റ് 19നാണ് സെനലല്‍ ഇന്ത്യയ്ക്കു കൈമാറിയത്. സെനഗലില്‍ ആന്തണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ കഴിഞ്ഞിരുന്ന രവി പൂജാരി റസ്റ്റോറന്റ് നടത്തുകയും ‘സാമൂഹ്യപ്രവര്ത്തനങ്ങ’ളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായാണു പൊലീസ് പറയുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ പൂജാരി പ്രാദേശിക പത്രങ്ങളുടെ താളുകളിലും ഇടംപിടിച്ചിരുന്നു.
കേരളത്തിനു പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിങ്ങളിലായി ഇരുന്നൂറിലേറെ കേസുകളാണു സെനഗലില്‍ പിടിയിലാകുന്ന സമയത്ത് രവി പൂജാരിയുടെ പേരിലുണ്ടായിരുന്നത്.