/indian-express-malayalam/media/media_files/uploads/2018/12/leena.jpg)
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവയ്പിന് പിന്നില്‍ മുംബൈ അധോലോക നായകന്‍ രവി പൂജാരിയെന്ന് സ്ഥാപന ഉടമ നടി ലീന മരിയ പോള്‍. മുമ്പ് രണ്ട് തവണ രവി പൂജാരിയുടെ പേര് പറഞ്ഞ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ലീന മരിയ പോള്‍ പറഞ്ഞു. അതേസമയം, തനിക്ക് രവി പൂജാരിയെ നേരിട്ട് അറിയില്ലെന്നും ലീന മരിയ പോള്‍ പറഞ്ഞു.
താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീന മരിയ പോള്‍ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പൊലീസിനോട് പറയാന്‍ തയ്യാറാണ്. കൊച്ചിയിലെത്തി പൊലീസിനെ കാണുമെന്നും ലീന മരിയ പോള്‍ പറഞ്ഞു.
കേസില്‍ ലീനയുടെ വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. ഇതിനായി ഹൈദരാബാദിലുള്ള നടിയോട് കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നഗരത്തിലെ സ്ഥിരം ക്രിമിനലുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, രവി പൂജാരിയുടെ പേര് കേസ് വഴി തെറ്റിച്ച് വിടാന്‍ വേണ്ടി ഉപയോഗിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലറില്‍ നിന്നും ലഭിച്ച കടലാസില്‍ പൂജാരിയുടെ പേര് തെറ്റായിട്ടായിരുന്നു എഴുതിയത്. ഇതാണ് പൊലീസിനെ സംശയത്തിലാക്കിയത്.
അന്വേഷണം ഹവാല ഇടപാടുകളിലേക്ക് നീങ്ങുന്നതായും സൂചനകളുണ്ട്. ഇന്നലെ വൈകിട്ട് രണ്ടരയോടെയാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള 'നെയില്‍ ആര്‍ട്ടിസ്റ്റ്' ബ്യൂട്ടിപാർലറില്‍ വെടിവയ്പുണ്ടാകുന്നത്. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരുക്കുകളില്ല. വെടിവച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
മുംബൈ അധോലോക നേതാവായ രവി പൂജാരിയുടെ പേരില്‍ കഴിഞ്ഞ ദിവസം ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. എന്നാല്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഭീഷണിയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. പനമ്പള്ളി നഗര്‍ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും 600 മീറ്റര്‍ അകലെയാണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ബ്യൂട്ടിപാര്‍ലറിലെത്തി വെടിവയ്ക്കുകയായിരുന്നു. യമഹ എഫ്‌സി ബൈക്കില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു അക്രമികളെത്തിയത്. സംഭവ സമയം ജീവനക്കാരും കസ്റ്റമേഴ്സും മാത്രമായിരുന്നു പാര്‍ലറിലുണ്ടായിരുന്നത്. ഉടമ ഉണ്ടായിരുന്നില്ല.
ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന പോള്‍. മലയാളം സിനിമകളായ റെഡ് ചില്ലീസ്, ഹസ്ബന്‍സ് ഇന്‍ ഗോവ, കോബ്ര എന്നിവയിലും ജോണ്‍ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫേയിലും തമിഴില്‍ കാര്‍ത്തിയുടെ ബിരിയാണിയിലും ലീന അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും പ്രശസ്തയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us