കൊച്ചി: പതിവുപോലെ ശാന്തമായിരുന്നു കൊച്ചി. ഞായറാഴ്ചയുടെ ആലസ്യത്തിലേക്ക് വഴുതിവീഴാൻ വെമ്പിനിന്ന നഗരം. നഗരത്തിന്റെ ഉച്ചയുറക്കമാണ് വെടിയൊച്ച ഇല്ലാതാക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടവന്ത്രയിലെ യുവജനസമാജം റോഡിന് സമീപത്തെ ദി നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടായത്.
സംഭവം നിമിഷങ്ങൾക്കകം പുറത്തറിഞ്ഞു. കേട്ടവർ കേട്ടവർ ഈ സ്ഥലത്തേക്ക് ഇരച്ചെത്തിയതോടെ യുവജനസമാജം റോഡ് വലിയ ആൾക്കൂട്ടത്താൽ നിറഞ്ഞു. പൊലീസ് വാഹനങ്ങളും സ്വകാര്യവാഹനങ്ങളും വാർത്താ ചാനലുകളുടെ ഒബി വാനുകളും റോഡരികിൽ നിർത്തിയിട്ടതോടെ റോഡിൽ ഗതാഗത തടസം രൂപംകൊണ്ടു.
ഇവിടെ നെയിൽ ആർടിസ്ട്രി പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് മാസം ആകുന്നതേയുളളൂ. മദ്രാസ് കഫേയിലൂടെ പ്രശസ്തിയാർജിച്ച നടി ലീന മേരി പോളാണ് ആക്രമണം നേരിട്ട കടയുടെ ഉടമ. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട നടനും കൊമേഡിയനുമായ ധർമ്മജന്റെ ‘ധർമ്മൂസ് ഫിഷ് ഹബ്ബി’ന് തൊട്ടുമുകളിലായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ആക്രമണത്തെ കുറിച്ച് ധർമ്മൂസ് ഫിഷ് ഹബ്ബിലെ ജീവനക്കാരനായ റാഷ്‌ലിൻ പറഞ്ഞതിങ്ങനെ. “ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പളളി നഗർ ഭാഗത്ത് നിന്നാണ് ബൈക്കിൽ രണ്ട് പേർ വന്നത്. ജാക്കറ്റ് ധരിച്ച് കഴുത്തിൽ തുണി കൊണ്ട് ചുറ്റി ഹെൽമറ്റ് ധരിച്ചാണ് അവർ വന്നത്. റോഡിന്റെ മറുവശത്ത് ബൈക്ക് നിർത്തിയ ശേഷം അവർ സ്റ്റെയർകേസിന്റെ ഭാഗത്തേക്ക് നടന്നുപോയി. കടയിൽ ആളുകളില്ലാത്തതിനാൽ ഞങ്ങൾ അകത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു. ചെറിയ ശബ്ദമായിരുന്നു. ഞങ്ങൾ നോക്കുമ്പോൾ അവർ രണ്ടുപേരും തിരികെ ബൈക്കിനടുത്തേക്ക് വന്നു. ഒരാൾ ബൈക്ക് തിരിച്ച് കടയുടെ മുൻവശത്തേക്ക് വന്നു. മറ്റേയാൾ ഈ സമയത്ത് സെക്യൂരിറ്റി ഗാർഡിന് നേരെ തോക്കുചൂണ്ടി. പിന്നാലെ ഇയാളും ബൈക്കിൽ കയറി ഓടിച്ചുപോയി,” അദ്ദേഹം പറഞ്ഞു.
അക്രമികൾ വന്നത് യമഹ എഫ് സി ബൈക്കിലായിരുന്നു. എന്നാൽ ബൈക്കിന്റെ നമ്പർ മത്സ്യവിൽപ്പന ശാലയിലെ ജീവനക്കാർക്ക് വ്യക്തമായില്ല. സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത ഹാർഡ് ഡിസ്ക് കൊണ്ടുപോവുകയും ചെയ്തു.
പൊലീസെത്തിയ ശേഷമാണ് മാധ്യമപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തിയത്. ഇതോടെ ഇതുവഴി പോയവരെല്ലാം കാര്യമെന്താണെന്നറിയാൻ വഴിയിൽ തങ്ങനിൽപ്പായി. ആദ്യം എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്ഥലത്തെത്തിയത്. പിന്നാലെ എസിപി പിപി ഷംസും ഇവിടെയെത്തി. അഞ്ച് മണിയോടെ ഡിസിപി പി ഹിമേന്ദ്രനാഥും സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി.
അഞ്ചരയോടെ എസിപി പിപി ഷംസ് മടങ്ങി. അദ്ദേഹത്തെ മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും എസിപി ഒന്നും പറഞ്ഞില്ല. ഇതിന് ശേഷമാണ് വാർത്തയറിഞ്ഞ് തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പിടി തോമസ് സ്ഥലത്തെത്തിയത്. സ്ഥാപനത്തിലേക്ക് കയറിപ്പോയ അദ്ദേഹം ഡിസിപിയുമായും മറ്റുളളവരുമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് 6.15 ഓടെ അദ്ദേഹം മടങ്ങി.
ഈ സമയത്തെല്ലാം റോഡരികിൽ ആൾക്കൂട്ടം രണ്ടാം നിലയിലെ നെയിൽ ആർട്ടിസ്ട്രിക്ക് നേരെ കണ്ണുപായിച്ച് നിൽക്കുകയായിരുന്നു. ഡിസിപിയെ കാത്ത് ഇപ്പോഴും മാധ്യമപ്രവർത്തകർ സ്ഥലത്ത് തുടരുന്നതിനാൽ സംഭവമറിയാൻ പ്രദേശവാസികളും ഇതേ കാത്തിരിപ്പ് തുടരുകയാണ്.