കൊച്ചി: നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടത്തിയതിന് ശേഷം ആക്രമികള്‍ മുംബൈയിലേക്ക് ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ അക്രമികളുടേതെന്നു കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഈ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതിയായ രവി പൂജാരി ആക്രമണത്തിന് ശേഷവും തനിക്കും തന്റെ അഭിഭാഷകനും നേരെ പലകുറി ഭീഷണികള്‍ ഉയര്‍ത്തിയെന്ന് ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കോളുകള്‍ പലതവണ വന്നിരുന്നുവെന്നും ഇപ്പോള്‍ കോള്‍ എടുക്കാറില്ലെന്നുമാണ് ലീന പറഞ്ഞത്. ആര്‍ക്കുവേണ്ടിയാണ് രവി പൂജാരി വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അയാളുമായി മുന്‍ പരിചയമില്ലെന്നും സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ലെന്നുമാണ് മൊഴി.

പൊലീസ് ക്രൈംബ്രാഞ്ച് സംയുക്തസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടി ലീന മരിയ പോള്‍ രണ്ടാം വട്ടവും മൊഴിനല്‍കിയത്. ഇപ്പോഴും ഫോൺ വഴി ഭീഷണി തുടരുന്നുണ്ടെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അധോലോകനായകന്‍ രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പളളി നഗറിലെ ബ്യൂട്ടി പാലര്‍റിന് നേരെ അജ്ഞാതര്‍ ബൈക്കിലെത്തി വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ രണ്ടംഗസംഘത്തെ പിടികൂടാന്‍ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിര്‍ത്തതെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.