കൊച്ചി: ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊച്ചിയിൽ ബ്യൂട്ടിപാർലറിന് നേർക്ക് വെടിവയ്പ്പ് എന്ന വാർത്ത കേരളത്തെ ഞെട്ടിച്ചത്. ആർക്കും അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും വെടിയുടെ പുറകെ ആളുകൾ കടവന്ത്രയിലേക്ക് വച്ചുപിടിച്ചു.
ആക്രമണം നടന്ന ബ്യൂട്ടിപാർലർ തിരിച്ചറിയാൻ എല്ലാവരും നൽകിയ അടയാളം ഇതാണ്. “അത് ധർമ്മജന്റെ ഫിഷ് ഹബ്ബിന് അടുത്താണ്,” എന്ന്. ധർമ്മജൻ തുടക്കമിട്ട മത്സ്യവിപണന ശൃംഖലയാണ് “ധർമ്മൂസ് ഫിഷ് ഹബ്ബ്”. ഇതിന്റെ ആദ്യ ഫ്രാഞ്ചൈസികളിൽ ഒന്നാണ് കടവന്ത്രയിൽ പ്രവർത്തിക്കുന്നത്.
കൊച്ചിയിൽ പൊട്ടിച്ചത് ‘ഉണ്ടയില്ലാ വെടി’; ഉപയോഗിച്ചത് ‘ബ്ലാങ്ക് ഗൺ’ എന്ന് സംശയം
കടവന്ത്രയിൽ യുവജനസമാജം റോഡിൽ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കൽ ബിൽഡിങിലാണ് കട പ്രവർത്തിക്കുന്നത്. കൊച്ചിയെ ഞെട്ടിച്ച വെടിവയ്പ്പ് നടന്നതാകട്ടെ ഈ കടയുടെ തൊട്ടുമുകളിലുളള ദി നൈൽ ആർടിസ്ട്രിക്ക് നേരെയും.
വാർത്ത പുറംലോകമറിഞ്ഞ് അധികം വൈകാതെ തന്നെ ഇവിടേക്ക് ആളുകൾ ഇരച്ചെത്തി. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ധർമ്മൂസ് ഫിഷ് ഹബ്ബിന് മുന്നിലും റോഡിന്റെ മറുവശത്തുമായാണ് ആളുകൾ തടിച്ചുകൂടി നിന്നിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി അക്രമി സംഘം ബൈക്കിൽ കടക്കുന്നത് കൃത്യമായി പതിഞ്ഞത് ഈ ഫിഷ് ഹബ്ബിലെ സിസിടിവി ക്യാമറയിലാണ്. കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയാണ് സംഭവം പകർത്തിയത്.
സിസിടിവി ദൃശ്യങ്ങൾക്ക് വേണ്ടി സ്ഥലത്തേക്ക് ആദ്യമെത്തിയത് പൊലീസാണ്. മറ്റാർക്കെങ്കിലും ലഭിക്കും മുന്നേ പൊലീസ് സിസിടിവി ദൃശ്യങ്ങളുമായി പോയി. പിന്നാലെയെത്തിയ മാധ്യമപ്രവർത്തകരെല്ലാം കടയിലുണ്ടായിരുന്നവരോടാണ് വിവരങ്ങൾ ചോദിച്ചത്.

ഫ്രാഞ്ചൈസി ഉടമകളിലൊരാളായ അബിൻ ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെ. “ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. മൂന്നര മണിയോടടുത്താണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പിന്നീട് അവർ സിസിടിവി ദൃശ്യങ്ങളൊക്കെ വാങ്ങി. നാല് മണിയൊക്കെ കഴിഞ്ഞപ്പോഴത്തേക്കും മാധ്യമപ്രവർത്തകരും എത്തി. പിന്നെ ആൾക്കൂട്ടമായി. കടയുടെ മുന്നിൽ നിറയെ വാഹനങ്ങളും ആൾക്കൂട്ടവുമായി.”
” സാധാരണ ശനിയാഴ്ച ദിവസം കൂടുതൽ കളക്ഷൻ കിട്ടണ ദിവസമാണ്. 1.30 ലക്ഷം രൂപയാണ് ശനിയാഴ്ചകളിൽ ശരാശരി വിറ്റുവരവ് ഉണ്ടാകാറുളളത്. ഇക്കുറി ഉച്ചയ്ക്ക് രണ്ടര വരെ വിറ്റ മീനേ ഉളളൂ. അത് 79000 രൂപയാണ് കളക്ഷൻ. ശനിയാഴ്ച വൈകുന്നേരം കച്ചവടത്തിന്റെ ഏറ്റവും ഉയർന്ന സമയമാണ്. ഈ സമയത്താണ് ആളുകൾ കൂടുതൽ വരുന്നതും,” അബിൻ പറഞ്ഞു.
കടയുടെ പാർക്കിങ് ഏരിയായിൽ ഈ സമയം മൂന്ന് പൊലീസ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതിന് പുറമെ വലിയ ആൾക്കൂട്ടവും ഉണ്ടായിരുന്നു. റോഡിൽ തിരക്കും വർദ്ധിച്ചതോടെ കടയിലേക്ക് ആളുകൾ കയറാതെയായി.
ഇതിനിടെ കടയിലെ ശേഷിച്ച സിസിടിവി ദൃശ്യങ്ങൾ കൂടി വീണ്ടെടുക്കാൻ ഡിസിപി നിർദ്ദേശിച്ചതനുസരിച്ച് പൊലീസുദ്യോഗസ്ഥർ കടയിലെത്തി. ഇതിന് പിന്നാലെ കടയുടെ ഷട്ടർ ദീർഘനേരം താഴ്ത്തിയിട്ടു.
എട്ട് മണിക്ക് ശേഷവും കടയുടെ മുന്നിലെ വാഹനങ്ങളോ, ആളുകളോ മാറിയില്ല. ഇതോടെ ഉച്ചയ്ക്ക് ശേഷമുളള കച്ചവടം മുഴുവൻ വെളളത്തിലായെന്ന് കടയുടമകൾ പറഞ്ഞു. ചാള മുതൽ നെയ്‌മീൻ വരെയുളള മീനുകൾ വാങ്ങിയ ആൾക്ക് തന്നെ മടക്കിനൽകുമെന്നും ഇവർ പറഞ്ഞു.