കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ ഒളിത്താവളം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു. ഈ ഒളിത്താവളത്തിൽ നിന്നാണ് മാർട്ടിനെ പിടികൂടിയത്.
തൃശൂരിലെ മുണ്ടൂര്‍ പ്രദേശത്ത് ഒരു ചതുപ്പ് നിലത്തിനടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീടിനു സമീപമാണ് ഈപ്രദേശം. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസിലാണ് പൊലീസ് മാർട്ടിൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ചിലരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചു രണ്ടു മാസമായിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിവാദമാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
മറ്റൊരു യുവതി കൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി കൊച്ചി സിറ്റി പൊലീസും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതി തൃശൂർ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായെന്നാണ് വിവരം. തുടർന്ന് പൊലീസ് ആ സ്ഥലത്ത് പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.
ആദ്യ പരാതിയിൽ അന്വേഷണം ആരംഭിച്ചതിനു പിറകെ ഈ മാസം എട്ടാം തീയതിയാണ് പ്രതി കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് തൃശൂരിലേക്ക് കടന്നത്. മാര്‍ട്ടിന്റെ തൃശൂരിലെ വീട്ടില്‍ പോലീസ് പലതവണ പരിശോധന നടത്തുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.