കൊച്ചി: ആലുവ എടത്തലയിൽ പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന് വഴികൊടുക്കാതിരുന്ന കാർ ​ഡ്രൈവർ പൊലീസിന് നൽകിയത് വിചിത്ര മൊഴി. ആംബുലൻസിന് വഴിയൊരുക്കാനാണ് താൻ മുന്നിൽ ചീറിപ്പാഞ്ഞതെന്നാണ് പ്രതിയായ നിർമൽ ജോസ് നൽകിയിരിക്കുന്ന വിശദീകരണം. മറ്റു വാഹനങ്ങള്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ വാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തില്‍ നിര്‍മലിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ബിടെക് ബിരുദധാരിയായ പ്രതി അടുത്തിടെയാണ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്. വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. വിവാഹ ശേഷം വീണ്ടും വിദേശത്തേക്ക് പോകാനുള്ളതാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് നിർമൽ വിവാദമായ ഡ്രൈവിങ് നടന്നത്. ആംബുലൻസിന് സൈഡ് നൽകാതെ അമിതവേഗതയിലുള്ള നിർമൽ ജോസിന്റെ വിഡിയോ വൈറൽ ആയതിനെ തുടർന്ന് ആലുവ ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയ കേസെടുത്തത്.

ആംബുലൻസിന് സൈഡ് നൽകാതെ മുന്നിൽ കെ.എൽ. 17 എൽ 202 എന്ന ഫോർഡ് എക്കോസ്‌പോർട്ട് കാർ ചീറിപായുന്ന രംഗം ആംബുലൻസിലിരുന്നയാൾ മൊബൈലിൽ പകർത്തിയിരുന്നു. പെരുമ്പാവൂരിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവജാത ശിശു ശ്വാസതടസത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.


കടപ്പാട്: മീഡിയാ വൺ

ചുണങ്ങംവേലി രാജഗിരി ആശുപത്രി മുതൽ അശോകപുരം കൊച്ചിൻ ബാങ്കിൽ നിന്നും ആംബുലൻസ് എൻഎഡി റോഡിലേക്ക് പ്രവേശിക്കുന്നത് വരെ കാർ സൈഡ് നൽകിയില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ താത്കാലിക ആംബുലൻസ് ഡ്രൈവർ മധുവിന്റെ വിശദീകരണവും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിലാണ് ആലുവ ഡിവൈഎസ്‌പി ഓഫീസിനോട് ചേർന്ന് താമസിക്കുന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.