മഴയും വെള്ളപ്പൊക്കവും; കൊച്ചി വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും

വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തരുതെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്

A man walks inside the flooded Cochin international airport after the opening of Idamalayar, Cheruthoni and Mullaperiyar dam shutters following heavy rain, on the outskirts of Kochi, India, August 15, 2018. REUTERS/Sivaram V

കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കൊച്ചി രാജ്യാന്തര വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും. നേരത്തെ ഓഗസ്റ്റ് 18 ഓടെ എയര്‍പോര്‍ട്ട് തുറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥിതി മോശമായതോടെ 26 ലേക്ക് നീട്ടുകയായിരുന്നു. മഴ ശക്തിയായി പെയ്യുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് കോംപ്ലക്‌സും റണ്‍വേയുമെല്ലാം വെള്ളത്തിനടിയിലാണ്.

സംസ്ഥാന സര്‍ക്കാരുമായി സ്ഥിതിഗതികള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റ് 26 ഉച്ചയ്ക്ക് രണ്ട് മണി വരെ എയര്‍പോര്‍ട്ട് അടച്ചിടാന്‍ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിക്കുകയായിരുന്നുവെന്ന് എവിയേഷന്‍ സെക്രട്ടറി ആർ.എന്‍.ചൗധരി അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്യാനും തിരുവനന്തപുരത്തേക്കോ കരിപ്പൂരേക്കോ അയക്കാനും എയര്‍ലൈന്‍സുകള്‍ക്ക് എവിയേഷന്‍ മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപോലെ തന്നെ പെട്ടെന്നുണ്ടായ തിരക്ക് മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തരുതെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 10000 ല്‍ കൂടരുതെന്നാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഡിജിസിഎയ്ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ എക്കണോമി ക്ലാസില്‍ 15000 മുതല്‍ 36000 രൂപ വരെയായിരുന്നു ഇന്നലെ. അതേസമയം, ബിസിനസ് ക്ലാസില്‍ ഇത് 81000 രൂപ വരെയുമുള്ളതായാണ് എയര്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ അറിയിച്ചിരുന്നത്.

അതേസമയം, ഡിജിസിഎയ്ക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ കഴിയുകയില്ലെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും റിക്വസ്റ്റ് നല്‍കാനും മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ് ഡിജിസിഎ പറയുന്നത്. കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനായി പ്രത്യേക കോള്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi airport to remain closed untill august

Next Story
പ്രളയത്തിൽ അകപ്പെട്ട ധർമ്മജൻ ബോൾഗാട്ടിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com