Kerala Floods: Air India Express offers alternate plans to stranded Gulf passengers: കൊച്ചി: മഴ കനത്തതോടെ വലഞ്ഞത് പ്രവാസികളായ നിരവധിയാളുകളാണ്. വലിയ പെരുന്നാൾ പ്രമാണിച്ചും ഗൾഫിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ടും നിരവധി പ്രവാസികളാണ് നാട്ടിലെത്തിയിരിക്കുന്നത്.

എന്നാൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതോടെ കേരളത്തിൽ നിന്നുള്ള വ്യോമ ഗതാഗതം ആകെ താറുമാറായി. ഗൾഫിലേക്ക് പ്രതിവാരം 51 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യയുടെ പ്രവർത്തനത്തെയും വിമാനത്താവളം അടച്ചത് ബാധിച്ചു.

Also Read: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച പ്രവർത്തന സജ്ജമാകുമെന്ന് സിയാൽ അധികൃതർ

കൊച്ചിയിൽ നിന്ന് സിംഗപൂരിലേക്കുള്ള സർവീസുകൾ മാത്രം റദ്ദാക്കി മറ്റ് സർവീസുകളും നടത്താനാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിനായി മൂന്ന് വഴികളാണ് എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വക്കുന്നത്.

യാത്ര പുനക്രമീകരിക്കുക

കൊച്ചിയിൽ നിന്ന് യാത്ര ചെയ്യുന്നതിന് പകരം തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ പുറപ്പെടാം. ദുബായ്, അബുദാബി, മസ്ക്കറ്റ്, ദോഹ, ഇവിടങ്ങളിലേക്ക് പോകേണ്ടവർക്ക് തിരുവനന്തപുരത്ത് നിന്ന് പോകാം. ബെഹ്റൈൻ, ഷാർജ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് കോഴിക്കോട് വിമാനത്താവളം വഴിയും യാത്ര തുടരാം.

ടിക്കറ്റുകൾ റദ്ദാക്കാം

അടിയന്തരമായി പോകേണ്ടത്തവർക്ക് ടിക്കറ്റ് റദ്ദാക്കാം. പൂർണമായും ടിക്കറ്റ് തുക തിരിച്ചു കിട്ടുന്ന രീതിയിൽ ടിക്കറ്റ് റദ്ദാക്കാനുള്ള അവസരവും യാത്രക്കാർക്കുണ്ട്.

യാത്ര മാറ്റിവയ്ക്കാം

ഇതേ ടിക്കറ്റിൽ തന്നെ പിന്നീട് യാത്ര ചെയ്യാനുള്ള അവസരവും എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നുണ്ട്. യാത്രക്കാർക്ക് ഇഷ്ടമുള്ള തീയതിയിലേക്ക് യാത്ര പുനക്രമീകരിക്കാം.

ഇതിനായി ചെയ്യേണ്ടത്

ഇതിനായി എയർ ഇന്ത്യ എക്സ്പ്രസിന്റെ കോൾ സെന്ററിൽ വിളിച്ചാൽ മതിയാകും. അല്ലാത്തവർക്ക് customersupport@airindiaexpress.in എന്ന മെയിൽ ഐഡിയിലേക്ക് ടിക്കറ്റ് വിവരങ്ങൾ മെയിൽ അയക്കുകയോ ചെയ്താൽ മതിയാകും.

നെറ്റ്‌വർക്കിനെ ബാധിക്കാത്ത രീതിയിൽ സർവീസുകൾ നടത്താനാണ് എയർ ഇന്ത്യ എക്സ്പ്രസ് ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെ മറ്റ് വിമാത്താവളങ്ങളിൽ നിന്ന് നടത്തുന്ന അധിക സർവീസുകൾ വൈകിയാണ് ഓടുന്നത്. ഞായറാഴ്ചയോടെ നെടുമ്പാശേരി വിമാത്താവളം തുറക്കുകയാണെങ്കിൽ പിന്നീടുള്ള സർവീസുകൾ കൊച്ചിയിൽ നിന്ന് തന്നെ ആരംഭിക്കാമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കൂട്ടിച്ചേര്‍ത്തു

Also Read: മഴയിൽ കുടുങ്ങി പ്രവാസികളും; സർവീസുകൾ നിർത്തിവച്ചത് തിരിച്ചടിയായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook