/indian-express-malayalam/media/media_files/uploads/2017/01/air-india-flight.jpg)
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. ഞായറാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകളൊന്നും ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. മഴ ശമിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സിയാല്‍ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് വരെ പ്രവർത്തനങ്ങളൊന്നും നടക്കില്ല.
ഇന്ന് രാവിലെ 9.30 വരെ വിമാനത്താവളം അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍, രാത്രി മഴ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. നിലവില്‍ വിമാനത്താവളത്തിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും മഴ തുടരുകയാണെങ്കില്‍ അതിനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രളയ സമയത്ത് വിമാനത്താവളം ഏറെ ദിവസം അടച്ചിടേണ്ടി വന്നിരുന്നു. റണ്‍വേയിലടക്കം കഴിഞ്ഞ തവണ വെള്ളം കയറി. വലിയ നാശനഷ്ടങ്ങളാണ് കഴിഞ്ഞ പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായത്.
Read Also: വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍, വീഡിയോ
വ്യാഴാഴ്ച വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കാതെ മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു. ദുബായിൽനിന്ന് എത്തിയ എമിറേറ്റ്സ് എയർലൈൻസ്, അബുദാബിയിൽനിന്നു വന്ന ഇത്തിഹാദ്, ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടത്. മഴ വെള്ളം ഒഴുകി പോകാനുള്ള സാധ്യത പരിമിതമാണ്. ഇതാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താളം തെറ്റാൻ കാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.