കൊച്ചി: മെട്രോ നഗരമായ കൊച്ചിയിൽ ജീവനു വേണ്ടി പിടഞ്ഞയാളെ രക്ഷിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നപ്പോൾ രക്ഷകയായത് രഞ്ജിനി. ഹൈക്കോടതിയിലെ അഭിഭാഷകയായ രഞ്ജിനിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയുടെ ജീവൻ രക്ഷിക്കാനായത്.

കൊച്ചി നഗരത്തിലെ തിരക്കേറിയ പത്മ ജംങ്ഷനു സമീപത്തായിരുന്നു സംഭവം. സമീപത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്ന സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നാണ് സജി റോഡിലേക്ക് വീണത്. ഈ സമയത്ത് നിറയെ ആളുകൾ അവിടെ നിൽപ്പുണ്ടായിരുന്നു. പക്ഷേ സജിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. ചിലർ എന്താണെന്ന് സംഭവിച്ചതെന്ന കൗതുകത്തിനായി വന്നെത്തി നോക്കിയിട്ട് മടങ്ങി. ചിലർ ഒന്നും അറിയാത്ത മട്ടിൽ നടന്നുനീങ്ങി. മറ്റു ചിലർ വെറും കാഴ്ചക്കാരായി നിന്നു.


(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഈ സമയത്താണ് പത്മ തിയേറ്ററിനു സമീപം താമസിക്കുന്ന രഞ്ജിനി മകൾക്കൊപ്പം അവിടെ എത്തിയത്. റോഡിൽ ഒരാൾ ചോരയൊലിപ്പിച്ച് കിടക്കുന്നതു കണ്ട രഞ്ജിനി ഉടൻ തന്നെ അയാളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നു പറഞ്ഞു. രഞ്ജിനി പല തവണ ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ചിലർ സഹായത്തിനായി മുന്നോട്ടുവന്നു. അതുവഴി വന്ന ഒരു ഓട്ടോ തടഞ്ഞുനിർത്തി. സജിയെ ഓട്ടോയിൽ കയറ്റിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോ ഡ്രൈവർ തയ്യാറായില്ല. തുടർന്ന് സജിയ ഓട്ടോയിൽനിന്നും താഴെയിറക്കി.


(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഒടുവിൽ രഞ്ജിനി അതുവഴി വന്ന ഒരു കാർ തടഞ്ഞുനിർത്തി സജിയെ അതിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സജിയെ ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ