കൊച്ചി: വാഹനാപകടത്തില്‍പെട്ട യുവതിയെ ആശുപത്രിയിലാക്കി തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെയാണ് രണ്ട് അപകടങ്ങളും നടന്നത്. ജോമോള്‍, തമ്പി എന്നിവരാണ് ഇന്ന് രാവിലെ തൃപ്പൂണിത്തുറയില്‍ നടന്ന വ്യത്യസ്‌ത അപകടങ്ങളില്‍ മരണപ്പെട്ടത്.
രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യ അപകടമുണ്ടായത്. കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തൃശൂർ രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു ഇത്. കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. കാറിൽ നിന്ന് പുറത്തെടുക്കുമ്പോഴേ ജോമോൾ ചലനമറ്റ നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു.
Read Also: ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ നീക്കം; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ പരിഗണനയിൽ
ജോമോളെയും സാൻജോയെയും ഉടനെ തന്നെ തമ്പിയുടെ ഓട്ടോറിക്ഷയിൽ ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജോമോളുടെ ജീവൻ രക്ഷിക്കാനായില്ല. സാന്‍ജോ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇതിനുശേഷം ലേക്ക്‌ഷോറിൽ നിന്ന് തിരികെ വരവേ മരട് കൊട്ടാരം ജങ്ഷനില്‍വച്ച് തമ്പിയുടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറിയാണ് തമ്പി മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയാണ് ഇദ്ദേഹം.