കൊച്ചി: ക്നാനായ കത്തോലിക്കാ സമുദായാഗങ്ങൾ, സമുദായത്തിന് പുറത്ത് നിന്ന് വിവാഹിതരാവുന്നതിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചാൽ അവർക്ക് വിവാഹക്കുറി നൽകാൻ ഹൈക്കോടതി സഭാനേതൃത്വത്തിന് നിർദേശം നൽകി. ആചാരപ്രകാരം സമുദായാംഗത്വം ഉപേക്ഷിച്ചതായി കാണിച്ചുള്ള കത്തിനായി നിർബന്ധിക്കരുതെന്നും കുറി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബൈബിളോ, കത്തോലിക്കാ സമൂഹമോ ഇതംഗീകരിക്കുന്നില്ലന്ന വാദം കണക്കിലെടുത്താണ് കോടതിയുടെ നിർദേശം.
സമുദായത്തിന് പുറത്ത് നിന്ന് വിവാഹം ചെയ്ത സമുദായാംഗത്തെ പുറത്താക്കാനുള്ള സഭയുടെ നീക്കം തടഞ്ഞ കോട്ടയം സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത അഡീ ഷ്ണൽ ജില്ലാ കോടതി. അപ്പീലിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Also Read: പൊതു സ്ഥലങ്ങളിൽ പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി
ഇണയെ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ മൗലീകാവകാശം നിഷേധിക്കുന്നതാണ് സഭയുടെ നടപടിയെന്നാരോപിച്ചാണ് സഭാംഗങ്ങൾ സബ് കോടതിയെ സമീപിച്ചത്.
ജില്ലാ കോടതി ഉത്തരവിനെതിരെ ക്നാനായ നവീകരണ സമിതിയും മറ്റു രണ്ടു പേരുമാണ് ഹൈക്കോടതിയെ സമീപിച്ചത് . സഭക്ക് പുറത്ത് നിന്ന് വിവാഹം ചെയ്തയാളെ പുറത്താക്കാനുള്ള കോട്ടയം ബിഷപ്പിൻ്റെ നീക്കം സബ് കോടതി വിലക്കുകയായിരുന്നു. സഭ തുടരുന്ന ആചാരം ഭരണഘടനാ വിരുദ്ധമാണന്നും മറ്റൊരു സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതു കൊണ്ട് സഭയിലെ അംഗത്വം നിഷേധിക്കാനാവില്ലന്നും സബ് കോടതി ഉത്തരവിട്ടിരുന്നു. സബ് കോടതി ഉത്തരവിനെതിരെ സഭാനേതൃത്യമാണ് ജില്ലാ കോടതിയെ സമീപിച്ചത്.